കേരള രാഷ്ട്രീയത്തെ ആകെ കുലുക്കി മാസപ്പടി കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) അപ്രതീക്ഷിത നീക്കം കേരള രാഷ്ട്രീയത്തെ മൊത്തത്തിൽ പിടിച്ചുകുലുക്കാൻ മാത്രം പോന്നതാണ്. പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ അഴിമതി നിരോധന നിയമപ്രകാരം എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഇ.ഡി സംസ്ഥാന പോലീസ് മേധാവിക്ക് (ഡി.ജി.പി) നിര്‍ണ്ണായക കത്തു നല്‍കിയതോടെയാണ് കേസിൽ പുതിയ പോർമുഖം തുറന്നിരിക്കുന്നത്. പിണറായിക്ക് പുറമെ അദ്ദേഹത്തിന്റെ മകളും എക്‌സാലോജിക് ഉടമയുമായ വീണ വിജയന്‍, മരുമകനും മുന്‍മന്ത്രിയുമായ മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരെ കേസെടുക്കണമെന്നും കത്തില്‍ വ്യക്തമാക്കുന്നുണ്ട്. EDയുടെ കത്ത് കിട്ടിയതായി ഡിജിപിയും സ്ഥിരീകരിക്കുന്നുണ്ട്.
സെക്ഷന്‍ 66/2 പ്രകാരമാണ് ഇ,ഡി. ഡി.ജി.പി.ക്ക് കത്തയച്ചിരിക്കുന്നത്. പിഎംഎല്‍എ വകുപ്പ് പ്രകാരം ഇവര്‍ക്കെതിരെ കേസെടുത്ത് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്യണം എന്നാണ് കത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇതോടെ കളി സംസ്ഥാന സർക്കാരിന്റെ കോർട്ടിലേക്കിടാനും ഇഡിക്ക് കഴിഞ്ഞിട്ടുണ്ട് എന്നതാണ് ശ്രദ്ധേയം. ഇനി കേരളത്തില്‍ വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്യുമോ എന്നതാണ് അറിയേണ്ടത്. കേരളത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്താല്‍ മാത്രമേ ഇഡിക്കും കേസില്‍ കൂടുതല്‍ നടപടികളുമായി മുന്നോട്ടു പോകാന്‍ സാധിക്കുകയൂള്ളൂ. ഈ പശ്ചാത്തലത്തിലാണ് ഇഡി ഡിജിപിക്ക് നല്‍കിയ കത്തും. പിണറായി വിജയന്‍ സി.എം.ആര്‍.എല്ലില്‍ നിന്ന് 3.28 കോടി രൂപ കൈക്കൂലി വാങ്ങിയെന്നതാണ് കത്തിലെ പ്രധാന പരാമർശം. ഇതിനുപുറമെ, മുന്‍മന്ത്രി മുഹമ്മദ് റിയാസ് ഈ പണം ദുബായിലേക്ക് കടത്തിയെന്ന ഞെട്ടിക്കുന്ന വിവരവും കത്തിലുണ്ട്. അത് അത്ര നിസ്സാരമായി തള്ളിക്കളയാവുന്നതുമല്ല എന്നിരിക്കെ ഈ കത്ത് ഭരണകക്ഷിയായ യു.ഡി.എഫിനെയും സര്‍ക്കാരിനെയും ഒരുപോലെ കടുത്ത രാഷ്ട്രീയ ധര്‍മ്മസങ്കടത്തിലാക്കിയിരിക്കുകയാണ്.
മാസപ്പടി കേസിന്റെ അന്വേഷണ ഭാഗമായി പിണറായി വിജയന്റെ വസതിയിലും മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളുടെ ഓഫീസുകളിലും വീടുകളിലും ഇ.ഡി നേരത്തെ നടത്തിയ മിന്നല്‍ പരിശോധനകളില്‍ നിരവധി നിര്‍ണ്ണായക രേഖകള്‍ പിടിച്ചെടുത്തിരുന്നു. സേവനങ്ങളൊന്നും നല്‍കാതെ കോടികളുടെ കള്ളപ്പണ ഇടപാടാണ് നടന്നതെന്നും ഇതിന്റെ വിവരങ്ങള്‍ വീണ എഴുതിയ ഡയറിക്കുറിപ്പുകളില്‍ നിന്നടക്കം കണ്ടെത്തിയതായും ഇ.ഡി സ്ഥിരീകരിച്ചിട്ടുണ്ട്. സി.എം.ആര്‍.എല്ലില്‍ നിന്ന് സ്വീകരിച്ച തുക കേവലം പ്രൊഫഷണല്‍ ഫീസല്ലെന്നും ഭരണപരമായ സ്വാധീനം ഉപയോഗിച്ച് നല്‍കിയ ആനുകൂല്യങ്ങള്‍ക്കുള്ള പ്രതിഫലമാണെന്നുമാണ് EDയുടെ കണ്ടെത്തല്‍.
എന്നാല്‍, കേന്ദ്രം ഭരിക്കുന്ന BJPയും കേന്ദ്ര ഏജന്‍സികളും ദേശീയതലത്തില്‍ പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ ഇ.ഡിയെ ഉപയോഗിച്ച് വേട്ടയാടല്‍ നടത്തുന്നു എന്നതാണ് കോൺഗ്രസിന്റെ ദേശീയ നിലപാട്. അതിനാല്‍ തന്നെ, കേരളത്തില്‍ ഇ.ഡി അയച്ച കത്തിന്റെ മാത്രം അടിസ്ഥാനത്തില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുത്താല്‍, യു.ഡി.എഫ് സര്‍ക്കാര്‍ ബി.ജെ.പിയുടെയും കേന്ദ്ര ഏജന്‍സികളുടെയും താല്‍പ്പര്യങ്ങള്‍ക്ക് വഴങ്ങി പ്രവര്‍ത്തിക്കുകയാണെന്ന ശക്തമായ വിമര്‍ശനം സി.പി.എം അഴിച്ചുവിടും.
എന്നാൽ കത്തിന് നേരെ പൂർണമായും കണ്ണടയ്ക്കാനും സർക്കാരിനാകില്ല. കേസെടുക്കാന്‍ യു.ഡി.എഫ് മടിക്കുകയാണെങ്കില്‍, സി.പി.എമ്മും കോണ്‍ഗ്രസും തമ്മില്‍ അഴിമതി വിഷയങ്ങളില്‍ ഡീലുണ്ടെന്നും പരസ്പരം സംരക്ഷിക്കുകയാണെന്നുമുള്ള ആരോപണവുമായി ബി.ജെ.പി രംഗത്തെത്തും. മാത്രമല്ല കേസെടുക്കാന്‍ കോടതിയെ സമീപിക്കാനും സാധിക്കും. വരും ദിവസങ്ങളില്‍ ഈ വിഷയം രാഷ്ട്രീയ ആയുധമാക്കാന്‍ അവർക്ക് കഴിയും.
CMRL കമ്പനിയില്‍ നിന്ന് എക്‌സാലോജിക്കിനും പിണറായുടെ മകള്‍ക്കും സേവനങ്ങളൊന്നും നല്‍കാതെ കോടിക്കണക്കിന് രൂപ പ്രതിഫലമായി ലഭിച്ചെന്ന കേസില്‍ തങ്ങള്‍ കണ്ടെത്തിയ നിര്‍ണ്ണായക രേഖകളും തെളിവുകളും കൈമാറിക്കൊണ്ടാണ് ഇ.ഡി തങ്ങളുടെ മാസ്റ്റർ സ്ട്രോക്ക് പുറത്തിറക്കിയിരിക്കുന്നത്. ഇ.ഡിയുടെ അന്വേഷണ പരിധിയില്‍ വരുന്ന കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം (പി.എം.എല്‍.എ) നടപടിയെടുക്കണമെങ്കില്‍ ഒരു പ്രെഡിക്കേറ്റ് ഒഫന്‍സ് (ബേസിക് കേസ്) അനിവാര്യമാണ്. സി.എഫ്.ഐ.ഒ (SFIO) നല്‍കിയ കുറ്റപത്രവും അനുബന്ധ കണ്ടെത്തലുകളും മുന്‍നിര്‍ത്തി, സംസ്ഥാന പോലീസിനോട് അഴിമതി നിരോധന നിയമപ്രകാരം അടിയന്തരമായി കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ഇ.ഡി നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇനി മുഖ്യമന്ത്രി വിഡി സതീശനും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്കും തീരുമാനിക്കാം കേസ് എടുക്കണോ വേണ്ടയോ എന്ന്. കത്ത് ലഭിച്ചിട്ടുണ്ടെന്നും ആലോചിച്ച് തീരുമാനമെടുക്കുമെന്നുമുള്ള മറുപടിയാണ് ചെന്നിത്തലയിൽ നിന്ന് ലഭിക്കുന്നത്.
കേസില്‍ വീണ വിജയനെ കഴിഞ്ഞ മാസങ്ങളില്‍ ഇ.ഡി വിവിധ കേന്ദ്രങ്ങളില്‍ റെയ്ഡുകള്‍ നടത്തുകയും ചെയ്തിരുന്നു. കേന്ദ്ര ഏജന്‍സി ചോദ്യം ചെയ്യുകയും വിശദമായ മൊഴികള്‍ രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കേസിലെ രാഷ്ട്രീയവും നിയമപരവുമായ വഴിത്തിരിവുകളിലേക്ക് കടന്ന് സംസ്ഥാന പോലീസ് മേധാവിക്ക് ഔദ്യോഗികമായി ഇ.ഡി വിവരങ്ങള്‍ കൈമാറുന്നത്.
സാമ്പത്തിക ക്രമക്കേടുകളിലും നിയമവിരുദ്ധമായ പണമിടപാടുകളിലും എക്‌സാലോജിക് കമ്പനിക്കൊപ്പം രാഷ്ട്രീയ ഉന്നതരുടെ പങ്കും തെളിയിക്കുന്ന രേഖകള്‍ കൈവശമുണ്ടെന്നാണ് ഇ.ഡി വ്യക്തമാക്കുന്നത്. സി.എം.ആര്‍.എല്ലില്‍ നിന്ന് സ്വീകരിച്ച പണം കേവലം പ്രൊഫഷണല്‍ ഫീസല്ലെന്നും, ഭരണപരമായ സ്വാധീനം ഉപയോഗിച്ച് നല്‍കിയ ഉപകാരങ്ങള്‍ക്കുള്ള പ്രതിഫലമാണെന്നുമാണ് കേന്ദ്ര ഏജന്‍സികളുടെ കണ്ടെത്തല്‍. മുഹമ്മദ് റിയാസും വീണ വിജയനും തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ വിവരങ്ങള്‍ മറച്ചുവെച്ചു എന്നതടക്കമുള്ള ഹര്‍ജികള്‍ നിലനില്‍ക്കെയുള്ള ഈ നീക്കം സിപിഎമ്മിനേയും വലിയ പ്രതിസന്ധിയിലേക്കാണ് തള്ളിയിടുന്നത്.
പിണറായിക്കൊപ്പം കുടുംബാംഗങ്ങളെ ഒന്നിച്ച് പ്രതിക്കൂട്ടിലാകുന്ന നീക്കങ്ങളെ പാർട്ടി എങ്ങനെ നേരിടുമെന്നതും വലിയ ചോദ്യമാണ്. വീണയുടെ കാര്യത്തിൽ നേരിട്ട് ഇടപെടില്ലെന്ന് സിപിഎം വ്യക്തമാക്കിയിട്ടുണ്ടെങ്കിലും പിണറായിയും റിയാസും ഉൾപ്പെട്ടിട്ടുള്ളതിനാൽ ഇടപെട്ടേ മതിയാകൂ. അതേസമയം, ഇ.ഡി കൈമാറിയ ഈ നിര്‍ണ്ണായക ‘ട്രംകാര്‍ഡും’ വച്ചു കൊണ്ട് മുഖ്യമന്ത്രി വി.ഡി. സതീശനും യു.ഡി.എഫും ഇനി ഏത് രീതിയിലാകും പോരാട്ടം നടത്തുക എന്നത് രാഷ്ട്രീയ കേരളം ഉറ്റുനോക്കുകയാണ്.
മുമ്പ് പ്രതിപക്ഷത്തിരുന്നപ്പോള്‍ മാസപ്പടി വിഷയം സഭയിലും തെരുവിലും നിരന്തരം ഉന്നയിക്കുകയും സി.പി.എം-ബി.ജെ.പി അന്തര്‍ധാര ആരോപിക്കുകയും ചെയ്ത വി.ഡി. സതീശനും യു.ഡി.എഫിനും വീണുകിട്ടിയിരിക്കുന്നത് ഒരു ട്രംപ് കാർഡ് തന്നെയാണെന്നതിൽ സംശയമൊന്നുമില്ല, എന്നാൽ പ്രതിപക്ഷത്തുള്ളപ്പോൾ വിളിച്ചു പറയുന്നതു പോലെയല്ല, ഭരണത്തിലിരിക്കുമ്പോള്‍ കേസ് രജിസ്റ്റര്‍ ചെയ്യുന്നതിലെ നിയമപരവും രാഷ്ട്രീയവുമായ പ്രത്യാഘാതങ്ങള്‍ യു.ഡി.എഫിനെ നല്ല രീതിയിൽ പ്രതിരോധത്തിലാക്കുന്നുണ്ട്. അതുകൊണ്ടു തന്നെ ഇപ്പോഴത്തെ സാഹചര്യത്തില്‍ യുഡിഎഫ് രാഷ്ട്രീയമായി ഏറെ കരുതലോട നീങ്ങേണ്ട അവസ്ഥയിലാണ് ഇഡിയുടെ കത്ത് കൊണ്ടു ചെന്നെത്തിച്ചിരിക്കുന്നത്.


