ചെകുത്താനും കടലിനും നടുവിൽ പെട്ട അവസ്ഥയെന്ന് കേട്ടിട്ടില്ലേ? ഏതാണ് സമാനമായ അവസ്ഥയിലൂടെ കടന്നുപോവുകയാണ് കേരളത്തിലെ മൂന്നര കോടിയോളം വരുന്ന ജനങ്ങളെല്ലാം. ഒരു വശത്ത് കൊടും ചൂടും മറുവശത്ത് കറന്റ് കട്ടും. കഴിഞ്ഞ രണ്ട് ദിവസമായി ഇതാണ് സംസ്ഥാനത്തെ അവസ്ഥ. പീക്ക് മണിക്കൂറുകളിൽ ഏതാനും സമയം മാത്രം വൈദ്യുതി പോകുമെന്ന് അറിയിപ്പുണ്ടായിരുന്നെങ്കിലും രാത്രി വൈദ്യുതി മുടക്കം ഒരു മണിക്കൂറിലേറെ നീണ്ടതോടെ കൊടുംചൂടിൽ വെന്തുരുകി ജനം. ഗ്രാമ, നഗര വ്യത്യാസമില്ലാതെ ഇടവിട്ട് വൈദ്യുതി നിലയ്‌ക്കുകയാണ്. ഗ്രാമപ്രദേശങ്ങളിൽ പലയിടത്തും ഒന്നര മണിക്കൂറിലേറെ വൈദ്യുതി മുടങ്ങുന്നുണ്ട്. പ്രതിസന്ധി മുൻകൂട്ടിക്കണ്ട് വൈദ്യുതി ലഭ്യത ഉറപ്പാക്കുന്നതിൽ യുഡിഎഫ് സർക്കാർ പരാജയപ്പെട്ടതിനെത്തുടർന്നാണ് പവർക്കട്ടിലും ലോഡ് ഷെഡിങ്ങിലും ജനം വലയുന്നത്.
കഴിഞ്ഞ ദിവസം രാത്രി പുലർച്ചെ 1 മണി വരെ വൈദ്യുതി നിയന്ത്രണം വേണ്ടി വന്നെന്ന് കെഎസ്ഇബി തന്നെ സമ്മതിക്കുന്നുണ്ട്. വൈകുന്നേരം 6.30 നും 12.30 നും ഇടയിൽ ഭാഗികമായി വൈദ്യുതി നിയന്ത്രണം ആവശ്യമായി വന്നേക്കാം എന്നായിരുന്നു കെഎസ്ഇബി അറിയിപ്പ്. പക്ഷേ അതെല്ലാം കാറ്റിൽ പറത്തിയാണ് പുലർച്ചെ വരെ കറന്റ് പോയത്. പവർ എക്സ്ചേഞ്ചിൽ നിന്നുള്ള വൈദ്യുതി ലഭ്യത കുറവായിരുന്നു. വൈദ്യുതി ലഭ്യതയിൽ 600 മുതല്‍ 800 മെഗാവാട്ടിന്റെ കുറവുണ്ടായി. ഇതാണ് നിയന്ത്രണത്തിലേക്ക് നയിച്ചത്.
ഒറ്റ ദിവസത്തെ മാത്രം ഉപയോഗം 94.76 ദശലക്ഷം യൂണിറ്റാണ്. ഉൽപാദനം 22.85 ദശലക്ഷം യൂണിറ്റ് മാത്രവും. ഇറക്കുമതി 72.91 ദശലക്ഷം യൂണിറ്റ്. സംസ്ഥാനത്തെ അണക്കെട്ടുകളുടെ അവസ്ഥ ഇതിനേക്കാൾ മോശമാണ്. അണക്കെട്ടുകളിൽ 63.55 ശതമാനം വെള്ളമാണുള്ളത്. കഴിഞ്ഞവർഷം ഇതേസമയം 80.03 ശതമാനമുണ്ടായിരുന്നു. അതായത്, മഴ കനിഞ്ഞില്ലെങ്കിൽ ജനം ശരിക്കും വിയർക്കുമെന്നർത്ഥം.
സംസ്ഥാനത്ത് സാധാരണയുള്ളതിനേക്കാൾ നാല് ഡിഗ്രി സെൽഷ്യസ് വരെ ചൂട് കൂടിയ സാഹചര്യത്തിലാണ് പവർ കട്ടിന്റെ രൂപത്തിലുള്ള പ്രഹരവും. വയോധികരും കിടപ്പുരോഗികളുമാണ് വലിയ ബുദ്ധിമുട്ടിലായത്. രാത്രി ആറ് മുതൽ 12 വരെ വൈദ്യുതി മുടങ്ങുമെന്ന് മാത്രമാണ് കെഎസ്‌ഇബിയുടെ അറിയിപ്പ്. എപ്പോൾ, എത്ര നേരം എന്ന് വ്യക്തതയില്ല. വ്യാപാരികൾക്കും ഹോട്ടലുകാർക്കും അടക്കം സകല മനുഷ്യർക്കും നഷ്ടം മാത്രമാണ് ഫലം.
ഒരു മണിക്കൂർ മുമ്പ് അറിയിപ്പ് നൽകണമെന്ന റെഗുലേറ്ററി കമീഷന്റെ നിർദേശവും നടപ്പാക്കുന്നില്ല. നിസ്സഹായരാണെന്നാണ് കെഎസ്‌ഇബി ജീവനക്കാർ പറയുന്നത്. വൈദ്യുതി മുടക്കം തുടർക്കഥയായതോടെ ആശുപത്രികൾ, നിർമാണ യൂണിറ്റുകൾ, ഹോസ്റ്റലുകൾ, വ്യാപാരകേന്ദ്രങ്ങൾ എന്നിവയുടെ പ്രവർത്തനവും താളംതെറ്റി. പരിക്കേറ്റും അടിയന്തര സാഹചര്യത്തിലും എത്തുന്നവരെ പല ആരോഗ്യകേന്ദ്രങ്ങളിലും മൊബൈൽ ഫോൺ വെളിച്ചത്തിൽ ചികിത്സിക്കാൻ നിർബന്ധിതരാകുന്നു. മുന്പ് സമാന സാഹചര്യം ഉണ്ടായപ്പോൾ ‘പവർക്കട്ട് അര മണിക്കൂറല്ലേ ഉള്ളു, അത് കഴിഞ്ഞ് സർജറി നടത്താമല്ലോ’ എന്നായിരുന്നു ആരോഗ്യമന്ത്രി കെ മുരളീധരന്റെ പ്രതികരണം.
വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ കാര്യമാണ് ഇതിലും കഷ്ടം. മഴയ്ക്ക് വേണ്ടി കാത്തിരിക്കാം എന്നല്ലാതെ മറ്റൊരു മറുപടിയും അദ്ദേഹത്തിന് നൽകാനില്ല. സെപ്റ്റംബർ 15 ഓടെ പ്രശ്നം പരിഹരിക്കാം എന്നൊരു ഉറപ്പ് മുഖ്യമന്ത്രി വിഡി സതീശൻ നൽകുന്നുണ്ടെങ്കിലും എങ്ങനെയെന്ന കാര്യത്തിൽ വ്യക്തതയില്ല. നിലവിലുള്ള വൈദ്യുത പ്രതിസന്ധി മറികടക്കാൻ ജനങ്ങൾ വൈദ്യുതി ഉപയോഗത്തിൽ സ്വയം നിയന്ത്രണം പാലിക്കണമെന്നാണ് കെഎസ്ഇബി ചെയർമാൻ എം.ജി. രാജമാണിക്യത്തിന് പറയാനുള്ളത്. ജനങ്ങളെ ബുദ്ധിമുട്ടിക്കണമെന്ന് സർക്കാരിനോ ബോർഡിനോ യാതൊരു ആഗ്രഹവുമില്ലെന്നും എന്നാൽ നിലവിലെ അടിയന്തര സാഹചര്യം മറികടക്കാൻ ജനങ്ങളുടെ ഭാഗത്തുനിന്നുള്ള സഹകരണം അത്യാവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വൈകുന്നേരം ഏഴു മണിക്ക് അനുഭവപ്പെടുന്ന അതേ ഡിമാൻഡ് തന്നെയാണ് പുലർച്ചെ ഒരു മണിക്കും രേഖപ്പെടുത്തുന്നത്. സെപ്റ്റംബർ മാസത്തിലും ഈ ഉയർന്ന ഡിമാൻഡ് തുടരുന്നതാണ് നിലവിലെ സാഹചര്യം. ചൂട് കൂടുമ്പോൾ സ്വാഭാവികമായും എസികളുടെ ഉപയോഗം ഉയരുകയും അത് വൈദ്യുതി ലോഡ് വലിയ തോതിൽ കൂട്ടുകയും ചെയ്യുന്നുണ്ട്. അതിനാൽ രാത്രി ഉറങ്ങുന്നതിന് അരമണിക്കൂറോ ഒരു മണിക്കൂറോ മുൻപ് മാത്രം എസി പ്രവർത്തിപ്പിച്ച് മുറി തണുപ്പിച്ച ശേഷം ഓഫ് ചെയ്യുന്ന രീതിയിലുള്ള സ്വയം നിയന്ത്രണം എല്ലാവരും പാലിക്കണമെന്നൊരു അപേക്ഷയാണ് KSEBക്ക് നൽകാനുള്ളത്.
വിഷയം രാഷ്ട്രീയമായും സർക്കാരിനെ വെട്ടിലാക്കുന്നുണ്ട്. പവർ കട്ടിന്റെ സമയം കൃത്യമായി ജനങ്ങളെ അറിയിക്കാനുള്ള മാന്യതയെങ്കിലും വൈദ്യുതി മന്ത്രി സണ്ണി ജോസഫിൽനിന്ന് ജനം പ്രതീക്ഷിക്കുന്നുണ്ടെന്നാണ് ബിജെപി നേതാവ് കെ സുരേന്ദ്രൻ പ്രതികരിച്ചത്. പക്വതയില്ലാത്ത മന്ത്രിയാണ് വൈദ്യുതി വകുപ്പ് കൈകാര്യം ചെയ്യുന്നതെന്നും നിലവിലെ വൈദ്യുതി വകുപ്പ് മന്ത്രിയെ മാറ്റണമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി പറയുന്നു. കഴിഞ്ഞ പത്ത് വര്‍ഷം പവര്‍കട്ട് ഇല്ലാതെ ഭരിക്കാന്‍ അറിയാവുന്ന ഒരു സര്‍ക്കാര്‍ ഉണ്ടായിരുന്നുവെന്നും അവർ കൂട്ടിച്ചേർക്കുന്നുണ്ട്.
ഉത്തരേന്ത്യയിൽ മഴ കുറയുകയും വൈദ്യുതി ആവശ്യകത ഉയരുകയും ചെയ്തതോടെ പ്രതിസന്ധി പരിഹരിക്കണമെങ്കിൽ കേരളം വലിയ വിലയ്ക്ക് വൈദ്യുതി തത്സമയ വിപണിയിൽനിന്നു വാങ്ങേണ്ടിവരും. കൽക്കരി പ്ലാന്റുകളിൽ സ്റ്റോക്ക് ഇല്ലാത്തതും വൈദ്യുതി ലഭ്യത കുറയ്ക്കുന്നു. മഴ മാറിനിൽക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ വൈദ്യുതി ആവശ്യകത മുൻദിവസങ്ങളെ അപേക്ഷിച്ച് 800 മുതൽ 900 മെഗാവാട്ട് വരെ ഉയർന്നിട്ടുണ്ട്. രാജ്യത്തെ വൈദ്യുതി ലഭ്യതയിൽ 12,000 മെഗാവാട്ടിന്റെ കുറവ് പൂർണമായി പരിഹരിക്കപ്പെടാത്തതും പ്രതിസന്ധി രൂക്ഷമാക്കുന്നു. ഉൽപാദനവും ഉപഭോഗവും തമ്മിലുള്ള അന്തരവും വലുതാണ്. പവർ എക്സ്ചേഞ്ചിലൂടെ ലഭിക്കുന്ന വൈദ്യുതി ഉപയോഗിച്ചാണ് ഇതു നികത്തേണ്ടത്.
തിങ്കളാഴ്ച പീക്ക് സമയത്ത് മധ്യപ്രദേശിൽനിന്നു കടമായി 200 മെഗാവാട്ട് വൈദ്യുതി ലഭിക്കുമെന്ന് ധാരണയുണ്ടായിരുന്നെങ്കിലും ലഭിച്ചില്ല. രാജ്യത്താകമാനം വൈദ്യുതി ആവശ്യകത കൂടിയതോടെ പവർ എക്സ്ചേഞ്ചിലൂടെ ലഭിക്കുന്ന വൈദ്യുതിയുടെ അളവിലും കുറവ് വന്നു. എന്തായാലും വരും മാസങ്ങളിൽ കനത്ത വൈദ്യുതി ബിൽ തന്നെ ജനങ്ങൾ പ്രതീക്ഷിക്കണം എന്നൊരു മുന്നറിയിപ്പും KSEB പറയാതെ പറയുന്നുണ്ട്.




