കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസ് പ്രതികൾക്ക് തിരിച്ചടി. പരോൾ നിഷേധിച്ചതിനെതിരെ പ്രതികളുടെ അമ്മമാർ നൽകിയ കോടതിയലക്ഷ്യ ഹർജി ഹൈക്കോടതി തള്ളി. പ്രതികളായ ജിജിൻ, സുബീഷ് എന്നിവരുടെ അമ്മമാരാണ് ഹർജി നൽകിയത്. ഹൈക്കോടതി നേരത്തെ പുറപ്പെടുവിച്ച ഉത്തരവുണ്ടായിട്ടും കണ്ണൂർ സെൻട്രൽ ജയിൽ അധികൃതർ പരോൾ അനുവദിച്ചില്ലെന്നായിരുന്നു ഹർജിക്കാരുടെ വാദം.
എന്നാൽ പ്രതികൾക്ക് പരോൾ അനുവദിച്ചാൽ പ്രദേശത്ത് ക്രമസമാധാന പ്രശ്‌നമുണ്ടാകുമെന്ന ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോർട്ട് കോടതി പരിഗണിച്ചു. മുൻപ് പ്രതികൾ പരോളിലിറങ്ങിയപ്പോഴും പ്രദേശത്ത് ക്രമസമാധാന പ്രശ്‌നങ്ങൾ ഉണ്ടായിരുന്നുവെന്ന് കോടതി നിരീക്ഷിച്ചു. ക്രമസമാധാന സാഹചര്യം കണക്കിലെടുത്താണ് ജയിൽ അധികൃതർ പരോൾ നിഷേധിച്ചതെന്നും ഇതിൽ വീഴ്ചയില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
ക്രമസമാധാന പ്രശ്‌നം മുൻനിർത്തി പരോൾ നിഷേധിക്കുന്നത് നിയമവിരുദ്ധമല്ലെന്നും അതിനാൽ കോടതിയലക്ഷ്യ ഹർജി നിലനിൽക്കില്ലെന്നും കോടതി വ്യക്തമാക്കി.
നേരത്തെ പരോൾ അനുവദിച്ചപ്പോൾ ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ പ്രവേശിക്കരുതെന്നും ഒരേസമയം ഒന്നിലധികം പ്രതികൾക്ക് പരോൾ നൽകരുതെന്നും ജയിൽ അധികൃതർ നിബന്ധന ഏർപ്പെടുത്തിയിരുന്നു. ഈ നിബന്ധനകൾ ഹൈക്കോടതി പിന്നീട് റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെ പെരിയ ഇരട്ടക്കൊലക്കേസ് പ്രതികൾക്ക് കൂട്ടത്തോടെ പരോൾ അനുവദിച്ചത് വിവാദമായിരുന്നു.
കേസിലെ ഒന്നാം പ്രതി എ. പീതാംബരൻ, നാലാം പ്രതി കെ. അനിൽ കുമാർ, അഞ്ചാം പ്രതി ഗിജിൻ, ഏഴാം പ്രതി എ. അശ്വിൻ, പതിനഞ്ചാം പ്രതി എ. സുരേന്ദ്രൻ എന്നിവർക്ക് നേരത്തെ പരോൾ ലഭിച്ചിരുന്നു. എൽഡിഎഫ് സർക്കാർ അധികാരമൊഴിയുന്നതിന് മുമ്പാണ് പ്രതികളുടെ പരോൾ നടപടികൾ പൂർത്തിയാക്കിയതെന്ന ആരോപണവും ഉയർന്നിരുന്നു. എല്ലാ മാനദണ്ഡങ്ങളും ലംഘിച്ചാണ് പരോൾ അനുവദിച്ചതെന്ന് കൊല്ലപ്പെട്ട ശരത് ലാലിന്റെ പിതാവ് സത്യനാരായണൻ ആരോപിച്ചിരുന്നു. സംഭവത്തിൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അടിയന്തര റിപ്പോർട്ടും തേടിയിരുന്നു.
യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാലിനെയും കൃപേഷിനെയും കൊലപ്പെടുത്തിയ കേസിൽ സിപിഐഎം പ്രവർത്തകരായ പത്ത് പ്രതികൾക്ക് എറണാകുളം സിബിഐ കോടതി ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു. ഒന്നുമുതൽ എട്ടുവരെ പ്രതികൾക്കും പത്ത്, പതിനഞ്ച് പ്രതികൾക്കുമാണ് ഇരട്ട ജീവപര്യന്തം ശിക്ഷ ലഭിച്ചത്. മുൻ എംഎൽഎയും സിപിഐഎം നേതാവുമായ കെ.വി. കുഞ്ഞിരാമൻ ഉൾപ്പെടെ മൂന്ന് പേർക്ക് അഞ്ച് വർഷം തടവും വിധിച്ചിരുന്നു.
2019 ഫെബ്രുവരി 17നാണ് കാസർകോട് പെരിയ കല്യോട്ട് കൂരാങ്കര റോഡിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാലിനെയും കൃപേഷിനെയും ആക്രമിച്ച് കൊലപ്പെടുത്തിയത്. രാത്രി ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ഇരുവരെയും തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കൃപേഷ് സംഭവസ്ഥലത്തും ശരത് ലാൽ മംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ വഴിമധ്യേയും മരിച്ചു. ശരത് ലാലിന് 23 വയസും കൃപേഷിന് 19 വയസുമായിരുന്നു പ്രായം.


