കണ്ണൂർ: സോഡിയം കുറഞ്ഞതിനെ തുടർന്ന് ക്ലാസ് മുറിയിൽ തളർന്നുവീണ ആറാം ക്ലാസുകാരിയോട് മോശമായി പെരുമാറിയെന്ന പരാതിയിൽ അധ്യാപികയെ പിരിച്ചുവിട്ടു. കണ്ണൂർ കുന്നോത്തെ സെന്റ് ജോസഫ്സ് യു.പി സ്കൂളിലാണ് സംഭവം.
ഈ മാസം എട്ടിനായിരുന്നു സംഭവം നടന്നത്. സോഡിയം കുറയുന്നതിനെ തുടർന്ന് നേരത്തെയും വിദ്യാർത്ഥിനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്നാണ് രക്ഷിതാക്കൾ പറയുന്നത്. കുട്ടി ക്ലാസ് മുറിയിൽ തലകറങ്ങി വീണ വിവരം സഹപാഠികൾ ക്ലാസ് ടീച്ചറായ സിസ്റ്റർ ലിന്റോ ജോസിനെ അറിയിച്ചിരുന്നു. എന്നാൽ കുട്ടി തന്നെ വന്ന് വിവരം പറയട്ടെ എന്നായിരുന്നു അധ്യാപികയുടെ പ്രതികരണമെന്നാണ് പരാതി.
തുടർന്ന് ക്ലാസ് മുറിയിലെത്തിയ അധ്യാപിക നിലത്ത് വീണുകിടന്ന വിദ്യാർത്ഥിനിയെ സഹപാഠികളുടെ മുന്നിൽ വച്ച് ചവിട്ടുകയും മോശമായ പരാമർശം നടത്തുകയും ചെയ്തെന്നാണ് രക്ഷിതാക്കളുടെ പരാതി. സംഭവത്തിൽ രക്ഷിതാക്കൾ പ്രധാനാധ്യാപകന് പരാതി നൽകി പ്രതിഷേധിച്ചിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ അധ്യാപികയെ പിരിച്ചുവിട്ടതായി പ്രധാനാധ്യാപകൻ ബിജു കെ.ജെ അറിയിച്ചു.
അതേസമയം, കുട്ടിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് തനിക്ക് മുൻകൂട്ടി അറിവുണ്ടായിരുന്നില്ലെന്നും വിദ്യാർത്ഥിനിയെ മർദിക്കുകയോ അധിക്ഷേപിക്കുകയോ ചെയ്തിട്ടില്ലെന്നും അധ്യാപിക വിശദീകരിച്ചു. കുട്ടിയെ ശകാരിക്കുക മാത്രമാണ് ചെയ്തതെന്നും അധ്യാപിക വ്യക്തമാക്കി.


