മലപ്പുറം: മലപ്പുറത്ത് സ്കൂട്ടറിൽ കെഎസ്ആർടിസി ബസ് ഇടിച്ച് മദ്രസ അധ്യാപകന് ദാരുണാന്ത്യം. പോരൂർ അയനിക്കോട് സ്വദേശി കുന്നുമ്മൽ അബ്ദുൽ കരീം മുസ്ലിയാരാണ് മരിച്ചത്.
രാവിലെ 11 മണിയോടെയായിരുന്നു അപകടം. മദ്രസയിലെ ക്ലാസ് കഴിഞ്ഞ് സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. റോഡ് മുറിച്ചുകടക്കുന്നതിനിടെ മറ്റൊരു വാഹനത്തെ മറികടന്ന് എത്തിയ കെഎസ്ആർടിസി ബസ് സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു.
പെരിന്തൽമണ്ണയിൽ നിന്ന് ഗൂഡല്ലൂരിലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസാണ് സ്കൂട്ടറിൽ ഇടിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അബ്ദുൽ കരീമിനെ ഉടൻ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


