ന്യൂഡൽഹി: ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ബ്രിക്സ് ഉച്ചകോടിക്ക് 48 മണിക്കൂറിൽ താഴെ മാത്രം ശേഷിക്കെ സന്ദർശനത്തിലെ സസ്‌പെൻസ് അവസാനിപ്പിച്ച് ചൈന. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ ഡൽഹിയിലെത്തുമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. സന്ദർശനവുമായി ബന്ധപ്പെട്ട് ഔദ്യോഗിക വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നായിരുന്നു നേരത്തെ മന്ത്രാലയത്തിന്റെ പ്രതികരണം. ഇതിന് പിന്നാലെയാണ് ഷി ജിൻപിങ്ങിന്റെ ഇന്ത്യാ സന്ദർശനം സ്ഥിരീകരിച്ച് പ്രസ്താവന പുറത്തുവിട്ടത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം സെപ്റ്റംബർ 12, 13 തീയതികളിൽ ന്യൂഡൽഹിയിൽ നടക്കുന്ന 18-ാമത് ബ്രിക്സ് ഉച്ചകോടിയിൽ ഷി ജിൻപിങ് പങ്കെടുക്കുമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഏഴ് വർഷത്തിനിടെ ഷി ജിൻപിങ്ങിന്റെ ആദ്യ ഇന്ത്യാ സന്ദർശനമാണിത്. ഇന്ത്യ-ചൈന നയതന്ത്ര ബന്ധത്തിന്റെ പശ്ചാത്തലത്തിൽ ഷി ജിൻപിങ്ങിന്റെ സന്ദർശനത്തിന് ഏറെ പ്രാധാന്യമുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഷി ജിൻപിങ് കൂടിക്കാഴ്ച നടത്തുമെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ സന്ദർശനം സംബന്ധിച്ച അനിശ്ചിതത്വം നിലനിന്നതിനാൽ കേന്ദ്ര സർക്കാർ വൃത്തങ്ങളും നേരത്തെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിരുന്നില്ല.
സെപ്റ്റംബർ 12, 13 തീയതികളിലാണ് ബ്രിക്സ് ഉച്ചകോടി നടക്കുന്നത്. അതേസമയം ബംഗ്ലാദേശ് പ്രധാനമന്ത്രി താരിഖ് റഹ്മാൻ ഉച്ചകോടിയിൽ പങ്കെടുക്കാൻ സാധ്യതയില്ലെന്നാണ് വിവരം. ഇന്ത്യയിൽ കഴിയുന്ന മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാഷ്ട്രീയ പ്രവർത്തനം നടത്തുന്നതിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായാണ് താരിഖ് റഹ്മാൻ പിന്മാറാൻ ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ.
2020ലെ ഗാൽവാൻ സംഘർഷത്തിന് പിന്നാലെയാണ് ഇന്ത്യ-ചൈന ബന്ധത്തിൽ വലിയ വിള്ളലുണ്ടായത്. തുടർന്ന് ബന്ധം മെച്ചപ്പെടുത്തുന്നതിനായി ഇരു രാജ്യങ്ങളും നയതന്ത്ര തലത്തിൽ നിരവധി നീക്കങ്ങൾ നടത്തി. കഴിഞ്ഞ വർഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈന സന്ദർശിക്കുകയും ചെയ്തിരുന്നു.




