എൺപതുകളിലെ ആഡംബര പൂർണ്ണമായ വസ്ത്രങ്ങളും, തിങ്ങിനിറഞ്ഞ വോളിയമുള്ള ഹെയർസ്റ്റൈലും, കണ്ണടകളും, ഫിലിം ക്യാമറയുടെ ഗ്രെയിൻ ടെക്സ്ചറുമൊക്കെയായി സോഷ്യൽ മീഡിയയിൽ പെട്ടെന്നാണ് ’80s റെട്രോ’ എഐ ഫോട്ടോ ട്രെൻഡ് തരംഗമായത്. ഒരു സെൽഫി മാത്രം നൽകിയാൽ ഏതാനും നിമിഷങ്ങൾക്കുള്ളിൽ ഏതൊരാളെയും എൺപതുകളിലെ നൊസ്റ്റാൾജിക് കഥാപാത്രമാക്കി മാറ്റുന്ന ഈ ജനറേറ്റീവ് എഐ മാജിക് ദശലക്ഷക്കണക്കിന് ആളുകളെയാണ് ആകർഷിച്ചത്.
എന്നാൽ, കൗതുകമുണർത്തുന്ന ഈ റെട്രോ ഭംഗിക്ക് പിന്നിൽ വലിയൊരു സുരക്ഷാ മുന്നറിയിപ്പും ഉയർന്നുവരുന്നുണ്ട്. നമ്മൾ നൽകുന്ന ചിത്രങ്ങൾ വൻകിട എഐ കമ്പനികൾ ഡാറ്റ ശേഖരണത്തിനും ഗവേഷണങ്ങൾക്കും ഉപയോഗിക്കുന്നുണ്ടോ, അതോ നമ്മുടെ സ്വകാര്യത അപകടത്തിലാവുകയാണോ എന്ന തരത്തിലുള്ള ചോദ്യങ്ങൾ ഇന്ന് ഈ ട്രെൻഡിനൊപ്പം സജീവമായി ചർച്ച ചെയ്യപ്പെടുകയാണ്.
ഒരു എഐ ആപ്പിലേക്ക് സ്വന്തം ചിത്രം അപ്‌ലോഡ് ചെയ്യുമ്പോൾ യഥാർത്ഥത്തിൽ എന്താണ് സംഭവിക്കുന്നത് എന്നറിയാൻ അതിന്റെ പ്രോസസിംഗ് രീതി മനസ്സിലാക്കേണ്ടതുണ്ട്. വസ്ത്രവും പശ്ചാത്തലവും പൂർണ്ണമായി മാറിയാലും ചിത്രത്തിലുള്ളത് നമ്മൾ തന്നെയാണെന്ന് കാണുന്നവർക്ക് പെട്ടെന്ന് തിരിച്ചറിയാൻ സാധിക്കും. കണ്ണുകളുടെ സ്ഥാനം, മുഖത്തിന്റെ ആകൃതി, മൂക്ക്, ചുണ്ട്, കവിൾ, താടി, മുടിയുടെ അതിരുകൾ എന്നിങ്ങനെ ഒരു മുഖത്തെ ഓരോ അടയാളങ്ങളെയും എഐ വളരെ വിശദമായി വിശകലനം ചെയ്യുന്നു. തുടർന്ന് ഈ വിവരങ്ങളെല്ലാം കൃത്യമായ ഡിജിറ്റൽ അളവുകളും കോഡുകളുമാക്കി മാറ്റി, മുഖത്തിന്റെ പ്രധാന സവിശേഷതകൾ നിലനിർത്തിക്കൊണ്ടാണ് എഐ പുതിയ റെട്രോ ഫോട്ടോ നിർമ്മിച്ചെടുക്കുന്നത്.
എന്നാൽ, ഈ ട്രെൻഡിനെക്കുറിച്ചുള്ള ചില പ്രചാരണങ്ങൾ ചൂണ്ടിക്കാണിക്കുന്നത് പോലെ എല്ലാ എഐ സേവനങ്ങളും ഉപയോക്താവിന്റെ മുഖം സ്ഥിരമായ ബയോമെട്രിക് രേഖയായി സൂക്ഷിക്കുന്നു എന്ന ആരോപണം പൂർണ്ണമായും ശരിയല്ല. ചിത്രം സൃഷ്ടിക്കുന്നതിനായി മുഖസവിശേഷതകൾ പരിശോധിക്കുന്നതും, ഉപയോക്താവിനെ തിരിച്ചറിയാൻ ആ ഡാറ്റ ദീർഘകാലം സംഭരിച്ചു വെക്കുന്നതും പൂർണ്ണമായും വ്യത്യസ്തമായ രണ്ടു കാര്യങ്ങളാണ്. ഓരോ ആപ്പിന്റെയും സാങ്കേതിക സംവിധാനത്തെയും സ്വകാര്യതാ നയത്തെയും (Privacy Policy) ആശ്രയിച്ചാണ് ഇത്തരം കാര്യങ്ങൾ നിർണ്ണയിക്കപ്പെടുന്നത്.
നമ്മൾ നൽകുന്ന ഫീഡ്‌ബാക്കുകളും എഐ സംവിധാനങ്ങൾ നിരീക്ഷിക്കുന്നുണ്ട്. ലഭിച്ച ചിത്രം ഇഷ്ടപ്പെട്ടില്ലെന്ന് പറയുന്നതും, മുഖത്തിന് കൂടുതൽ സ്വാഭാവികത ആവശ്യപ്പെടുന്നതും, പല ഓപ്ഷനുകളിൽ നിന്ന് ഒരെണ്ണം തിരഞ്ഞെടുക്കുന്നതുമെല്ലാം ഉപയോക്താക്കളുടെ ഇഷ്ടാനിഷ്ടങ്ങളെക്കുറിച്ചുള്ള നിർണായക സൂചനകളാണ്. ഇത്തരം പ്രതികരണങ്ങൾ ചില കമ്പനികൾ തങ്ങളുടെ എഐ മോഡലുകൾ മെച്ചപ്പെടുത്താൻ ഉപയോഗിച്ചേക്കാം. എങ്കിലും, നമ്മൾ നൽകുന്ന ഓരോ നിർദേശവും തിരഞ്ഞെടുപ്പും നേരിട്ട് എഐ പരിശീലനത്തിലേക്ക് പോകുന്നു എന്ന് പൊതുവായി പറയാൻ സാധിക്കില്ലെന്നാണ് ഫെയ്‌സ്ബുക്കിൽ സുനിൽ തോമസ് തോണിക്കുഴിയിൽ പങ്കുവെച്ച കുറിപ്പിലും വ്യക്തമാക്കുന്നത്.
ഈ പുതിയ ഡിജിറ്റൽ യുഗത്തിൽ ഡാറ്റ തന്നെയാണ് ഏറ്റവും വലിയ മൂലധനം. കൃത്യതയുള്ള എഐ സംവിധാനങ്ങൾ വികസിപ്പിച്ചെടുക്കാൻ വൈവിധ്യമാർന്ന ചിത്രങ്ങളും എഴുത്തുകളും വീഡിയോകളും അത്യന്താപേക്ഷിതമാണ്. അതുകൊണ്ടുതന്നെ വെളിച്ചം, ക്യാമറയുടെ കോണം, പലതരം വസ്ത്രധാരണം, വ്യത്യസ്ത പ്രായം, ചർമ്മനിറം, മുഖരൂപം എന്നിവയുള്ള യഥാർത്ഥ വ്യക്തികളുടെ ചിത്രങ്ങൾ കമ്പനികൾക്ക് ഏറെ വിലപ്പെട്ടതാണ്. ഒരു വൈറൽ ട്രെൻഡ് മുഴുവനായും ഡാറ്റ ശേഖരണത്തിന് വേണ്ടി മാത്രം പ്ലാൻ ചെയ്തതാണെന്ന് പറയാനാവില്ലെങ്കിലും, ഇത്തരം ട്രെൻഡുകളിലൂടെ വലിയ തോതിലുള്ള ഉപയോക്തൃ വിവരങ്ങളാണ് കമ്പനികളുടെ കയ്യിലെത്തുന്നത്.
ഒരു യഥാർത്ഥ സെൽഫി ഉപയോഗിച്ച് എൺപതുകളിലെ ചിത്രങ്ങൾ നിർമ്മിക്കുമ്പോൾ പുതിയ കൃത്രിമ ഫോട്ടോകളാണ് ഇവിടെ സൃഷ്ടിക്കപ്പെടുന്നത്. ഇത്തരത്തിലുള്ള പുതിയ മാതൃകകൾ എഐ ഗവേഷണങ്ങൾക്കും ടെസ്റ്റിംഗുകൾക്കും ഉപയോഗിക്കപ്പെടാറുണ്ട്. എന്നാൽ എല്ലാ ഉപയോക്താക്കളുടെയും ചിത്രങ്ങൾ എഐ ട്രെയിനിംഗ് ഡാറ്റാബേസിലേക്ക് ചേർക്കുന്നു എന്ന് ഉറപ്പിച്ചു പറയാനാവില്ല. എങ്കിലും, ഏതൊരു മൂന്നാം കക്ഷി ആപ്പിനും നമ്മുടെ വ്യക്തമായ ഫോട്ടോ നൽകുമ്പോൾ നമ്മൾ കൂടുതൽ ജാഗ്രത പുലർത്തേണ്ടതുണ്ട്.
ചുരുക്കത്തിൽ, ഇത്തരം എഐ ട്രെൻഡുകളിൽ പങ്കാളികളാകുമ്പോൾ അനാവശ്യമായി ഭയപ്പെടേണ്ടതില്ലെങ്കിലും കൃത്യമായ ബോധപൂർവ്വമായ മുൻകരുതലുകൾ ആവശ്യമാണ്. കൗതുകത്തിനപ്പുറത്തേക്ക് നമ്മൾ നൽകുന്ന ചിത്രങ്ങൾ കമ്പനികൾ എത്രകാലം സൂക്ഷിക്കും, അവ എഐ പരിശീലനത്തിന് ഉപയോഗിക്കുമോ, മറ്റ് ഏജൻസികൾക്ക് പങ്കുവെക്കുമോ, ഭാവിയിൽ നമ്മുടെ ഡാറ്റ സെർവറുകളിൽ നിന്ന് പൂർണ്ണമായി ഇല്ലാതാക്കാൻ സാധിക്കുമോ തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കുന്നത് ഒരു നല്ല ഡിജിറ്റൽ ശീലമാണ്. കൗതുകകരമായ ട്രെൻഡുകൾ ആഘോഷിക്കുമ്പോഴും സ്വന്തം ഡിജിറ്റൽ സ്വകാര്യത സുരക്ഷിതമായി സൂക്ഷിക്കുക എന്ന തത്വം എപ്പോഴും മനസിലുണ്ടായിരിക്കട്ടെ.


