മലപ്പുറം: സ്കൂൾ വിദ്യാർത്ഥികളുടെ കായികമേളയ്ക്കായി ഒരുക്കിയ പവലിയൻ സാമൂഹ്യവിരുദ്ധർ തകർത്തതായി പരാതി. മലപ്പുറം സുല്ലമുസലാം ഓറിയന്റൽ സ്കൂളിന്റെ കായികമേളയ്ക്കായി അഴീക്കോട് തെരട്ടമ്മൽ മൈതാനത്ത് ഒരുക്കിയ പവലിയനാണ് രാത്രിയിൽ നശിപ്പിച്ചത്.
കായികമേളയുടെ രണ്ടാം ദിനമായ ഇന്ന് രാവിലെയാണ് പവലിയൻ തകർന്ന നിലയിൽ അധ്യാപകരുടെ ശ്രദ്ധയിൽപ്പെട്ടത്. പവലിയന്റെ ഷീറ്റുകൾ വലിച്ചുകീറിയ നിലയിലായിരുന്നു. സംഭവത്തിൽ സ്കൂൾ അധികൃതർ മലപ്പുറം എസ്പിക്കും അരീക്കോട് പൊലീസിനും പരാതി നൽകി.
പുലർച്ചെ 12.30 വരെ അധ്യാപകർ മൈതാനത്ത് ഉണ്ടായിരുന്നതായാണ് വിവരം. തുടർന്ന് രാവിലെ സ്ഥലത്തെത്തിയപ്പോഴാണ് പവലിയൻ തകർത്ത നിലയിൽ കണ്ടെത്തിയത്.
സംഭവത്തിൽ പ്രതിഷേധിച്ച് വിദ്യാർത്ഥികളെ ഉൾപ്പെടുത്തി തെരട്ടമ്മൽ അങ്ങാടിയിൽ പ്രതിഷേധം സംഘടിപ്പിക്കാനും സ്കൂൾ അധികൃതർ തീരുമാനിച്ചിട്ടുണ്ട്. നേരത്തെയും മൈതാനത്ത് നടന്ന മറ്റൊരു പരിപാടിക്കിടെ സ്കൂളിന്റെ നെയിം ബോർഡ് നശിപ്പിച്ചിരുന്നതായി അധികൃതർ പറഞ്ഞു.
സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.












