ബെംഗളൂരു: ബെംഗളൂരുവിൽ 13 വയസുകാരനെ അയൽവാസി കല്ലുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയതായി പൊലീസ്. യെലഹങ്ക വിനായക നഗറിൽ താമസിക്കുന്ന പ്രജ്വലാണ് കൊല്ലപ്പെട്ടത്. അയൽവാസിയായ ഭാസ്കർ റെഡ്ഡിയാണ് പ്രതിയെന്ന് പൊലീസ് അറിയിച്ചു.
പണം ആവശ്യപ്പെട്ട് കുട്ടിയെ തട്ടിക്കൊണ്ടുപോയ ശേഷമാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തൽ. കൊലപാതകത്തിന് ശേഷം മൃതദേഹം കാറിന്റെ ഡിക്കിയിൽ ഒളിപ്പിച്ച് ആന്ധ്രാപ്രദേശിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഭാസ്കർ റെഡ്ഡി പിടിയിലായത്.
കാർ അപകടത്തിൽപ്പെട്ടതിനെ തുടർന്ന് നാട്ടുകാർ വാഹനം തടഞ്ഞപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. കാറിന്റെ ഡിക്കി പരിശോധിച്ചപ്പോൾ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. തുടർന്ന് പൊലീസെത്തി ഭാസ്കർ റെഡ്ഡിയെ അറസ്റ്റ് ചെയ്തു.
കാറിൽ ഭാസ്കറിനൊപ്പം ഉണ്ടായിരുന്ന പ്രായപൂർത്തിയാകാത്ത സുഹൃത്തിനായി പൊലീസ് തെരച്ചിൽ ആരംഭിച്ചു. കൊലപാതകത്തിന് പിന്നാലെ ഇയാൾ ഓടി രക്ഷപ്പെട്ടതായാണ് പൊലീസ് പറയുന്നത്. സംഭവത്തിൽ ചിക്കജാല പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.




