കൊച്ചി: എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ അടക്കമുള്ളവർ പ്രതിയായ മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ പ്രോസിക്യൂഷൻ അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. പ്രോസിക്യൂഷൻ അനുമതി ആവശ്യമില്ലെന്ന് പിന്നാക്ക വിഭാഗ വികസന വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി അറിയിച്ചപ്പോൾ അനുമതി വേണമെന്നാണ് സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചത്. ഇതോടെയാണ് ജസ്റ്റിസ് എ. ബദറുദ്ദീൻ സർക്കാരിന്റെ നിലപാടിൽ അതൃപ്തി രേഖപ്പെടുത്തിയത്.
ആരാണ് സർക്കാരിന് നിയമോപദേശം നൽകുന്നതെന്ന് കോടതി ചോദിച്ചു. വിജിലൻസ് അഭിഭാഷകന്റെ നിലപാടിനെതിരെയും കോടതി വിമർശനം ഉന്നയിച്ചു. വിഷയത്തിൽ സർക്കാരിന്റെ നിലപാട് അറിയിക്കാൻ കോടതി നിർദേശിച്ചു. തുടർന്ന് ഹാജരായ സ്റ്റേറ്റ് അറ്റോർണി വിഷയത്തിൽ വിശദമായ വാദം കേൾക്കണമെന്ന് ആവശ്യപ്പെട്ടു. പ്രോസിക്യൂഷൻ അനുമതി ആവശ്യമാണോ എന്നതിൽ വിശദമായ വാദം കേട്ട ശേഷം തീരുമാനമെടുക്കാമെന്ന് വ്യക്തമാക്കിയ കോടതി ഹർജി മാറ്റിവച്ചു.
പ്രോസിക്യൂഷൻ അനുമതി നൽകുന്നതിലെ കാലതാമസത്തിൽ നേരത്തെയും ജസ്റ്റിസ് എ. ബദറുദ്ദീൻ അധ്യക്ഷനായ ബെഞ്ച് വിമർശനം ഉന്നയിച്ചിരുന്നു. സെപ്റ്റംബർ 10നകം തീരുമാനമെടുക്കണമെന്ന കോടതി നിർദേശം പാലിക്കാത്തതിനെ തുടർന്ന് പിന്നാക്ക വിഭാഗ വികസന വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയോട് നേരിട്ട് ഹാജരാകാനും കോടതി ആവശ്യപ്പെട്ടിരുന്നു.
കേസിൽ കഴിഞ്ഞ ഫെബ്രുവരിയിൽ വിജിലൻസ് വെള്ളാപ്പള്ളി നടേശനെ വീട്ടിലെത്തി ചോദ്യം ചെയ്തിരുന്നു. 2016ൽ മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ പരാതിയെ തുടർന്നാണ് മൈക്രോ ഫിനാൻസ് പദ്ധതിയുമായി ബന്ധപ്പെട്ട കേസ് രജിസ്റ്റർ ചെയ്തത്. പിന്നാക്ക വിഭാഗങ്ങളുടെ ക്ഷേമത്തിനായി അനുവദിച്ച ഫണ്ട് വ്യാജ രേഖകളുടെ അടിസ്ഥാനത്തിൽ എസ്.എൻ.ഡി.പി യോഗവുമായി ബന്ധപ്പെട്ട യൂണിറ്റുകൾ വഴി ക്രമക്കേട് നടത്തിയെന്നാണ് വിജിലൻസിന്റെ ആരോപണം. കേസിൽ 124 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും എട്ട് കേസുകളിൽ അന്തിമ റിപ്പോർട്ട് സമർപ്പിക്കാനാകുമെന്നും വിജിലൻസ് നേരത്തെ കോടതിയെ അറിയിച്ചിരുന്നു


