തൃശ്ശൂർ: ഇരിങ്ങാലക്കുടയിൽ കേരള കോൺഗ്രസിന്റെ നേതൃയോഗത്തിനിടെ സംഘർഷം. പരസ്പരം ചേരിതിരിഞ്ഞ് പോർവിളിയും കൈയാങ്കളിയും ഉണ്ടായി. തോമസ് ഉണ്ണിയാടൻ എം.എൽ.എയെ അനുകൂലിക്കുന്നവരും എതിർചേരിയിലുള്ളവരുമാണ് ഏറ്റുമുട്ടിയത്. സംഘർഷത്തിനിടെ യോഗത്തിനെത്തിച്ച ചൂടുചായ ഒഴിച്ചതായും ആരോപണമുണ്ട്.
പാർട്ടി നേതൃത്വവുമായി ഇടഞ്ഞുനിൽക്കുന്ന തോമസ് ഉണ്ണിയാടൻ എം.എൽ.എയ്ക്ക് തൃശൂരിൽ സ്വീകരണം നടക്കുന്നതിനിടെയാണ് സ്വകാര്യ വ്യക്തിയുടെ വീട്ടിൽ മറ്റൊരു വിഭാഗം നേതൃയോഗം ചേർന്നത്. യോഗം നടക്കുന്നതിനിടെ ഉണ്ണിയാടൻ അനുകൂലികൾ സ്ഥലത്തെത്തി. തങ്ങളാണ് കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന്റെ ഔദ്യോഗിക പക്ഷമെന്ന അവകാശവാദവുമായാണ് ഇവർ എത്തിയതെന്നാണ് വിവരം.
തുടർന്ന് വാക്കേറ്റം കൈയാങ്കളിയിലേക്ക് നീങ്ങി. സംഘർഷത്തിൽ പ്രവർത്തകരിൽ ചിലർക്ക് പരിക്കേറ്റു. വനിതാ പ്രവർത്തകർക്കും പരിക്കേറ്റതായി നേതാക്കൾ പറഞ്ഞു. ഫാൻ എടുത്തെറിഞ്ഞതിനെ തുടർന്നാണ് ഒരു വനിതാ പ്രവർത്തകയ്ക്ക് പരിക്കേറ്റതെന്നാണ് ആരോപണം. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഘർഷത്തിനിടെ ഒരു പൊലീസുകാരനും പരിക്കേറ്റു.
മദ്യപിച്ചെത്തിയവരാണ് അക്രമത്തിന് തുടക്കമിട്ടതെന്നാണ് നേതൃയോഗത്തിൽ പങ്കെടുത്തവരുടെ ആരോപണം. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പൊലീസ് ശേഖരിച്ചുവരികയാണ്.
മന്ത്രിസ്ഥാനത്തേക്കും ചീഫ് വിപ്പ് സ്ഥാനത്തേക്കും പാർട്ടി നേതൃത്വം തന്നെ പരിഗണിച്ചില്ലെന്ന പരാതിയിലാണ് തോമസ് ഉണ്ണിയാടൻ നേതൃത്വവുമായി ഇടഞ്ഞുനിൽക്കുന്നത്.




