കോട്ടയം: കോട്ടയം ഇല്ലിക്കൽ പാലത്തിന് സമീപം വാഹന പരിശോധന നടത്തുന്നതിനിടെ പൊലീസുദ്യോഗസ്ഥർക്ക് നേരെ ആക്രമണം. നാട്ടകം കെ.എസ്.ഇ.ബി സെക്ഷനിലെ ലൈൻമാൻ മനോജാണ് മദ്യപിച്ച് പൊലീസിനെ ആക്രമിച്ചതെന്ന് പൊലീസ് അറിയിച്ചു. ശനിയാഴ്ച രാവിലെ ഒൻപത് മണിയോടെ കോട്ടയം വെസ്റ്റ് പൊലീസിന്റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയ്ക്കിടെയായിരുന്നു സംഭവം.
മദ്യപിച്ചെത്തിയ മനോജിനോട് വാഹനം നിർത്താൻ പൊലീസ് ആവശ്യപ്പെട്ടെങ്കിലും ഇയാൾ വാഹനം നിർത്താതെ കടന്നുപോകാൻ ശ്രമിച്ചു. തുടർന്ന് പൊലീസ് വാഹനം പിന്തുടർന്ന് തടഞ്ഞുനിർത്തുകയായിരുന്നു. ഇതോടെ മനോജ് ഉദ്യോഗസ്ഥരുമായി വാക്കേറ്റത്തിലേർപ്പെടുകയും ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തെന്നാണ് പൊലീസ് പറയുന്നത്.
വെസ്റ്റ് പൊലീസ് എസ്.ഐ സലീം കുമാറിനും ഒപ്പമുണ്ടായിരുന്ന മറ്റ് ഉദ്യോഗസ്ഥർക്കുമെതിരെയായിരുന്നു അതിക്രമം. തുടർന്ന് ബലപ്രയോഗത്തിലൂടെ പൊലീസ് മനോജിനെ കസ്റ്റഡിയിലെടുത്തു.




