തിരുവനന്തപുരം: പരിവാഹൻ സൈറ്റ് തകരാറിലായതിനെ തുടർന്ന് കേരള അതിർത്തികളിൽ ടൂറിസ്റ്റ് വാഹനങ്ങൾ കുടുങ്ങിയ സംഭവത്തിൽ ഇടപെട്ട് ഗതാഗത മന്ത്രി സി.പി. ജോൺ. വിഷയത്തിൽ കേന്ദ്ര ഗതാഗത മന്ത്രിയുമായി ഇന്ന് ഫോണിൽ ചർച്ച നടത്തുമെന്ന് മന്ത്രി അറിയിച്ചു.
പരിവാഹൻ സംവിധാനത്തിലെ തകരാർ സംബന്ധിച്ച് ജൂൺ മാസത്തിൽ തന്നെ കേന്ദ്ര ഗതാഗത മന്ത്രിയെ നേരിൽ കണ്ട് സംസാരിച്ചിരുന്നുവെന്ന് സി.പി. ജോൺ പറഞ്ഞു. ഏതാനും ആഴ്ചകൾക്കുള്ളിൽ പ്രശ്നം പരിഹരിക്കാമെന്ന് അന്ന് ഉറപ്പ് ലഭിച്ചിരുന്നെങ്കിലും ഇതുവരെ പരിഹാരമുണ്ടായിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. അടിയന്തരമായി വീണ്ടും കേന്ദ്ര സർക്കാരുമായി ബന്ധപ്പെടുമെന്നും അദ്ദേഹം അറിയിച്ചു.
സ്പെഷ്യൽ പെർമിറ്റ് സംവിധാനം നേരത്തെ കടലാസ് രൂപത്തിലായിരുന്നുവെന്നും പിന്നീട് കേന്ദ്ര സർക്കാരാണ് നടപടികൾ കേന്ദ്രീകരിച്ചതെന്നും മന്ത്രി പറഞ്ഞു. നിലവിലെ സാങ്കേതിക തകരാർ കേന്ദ്ര സംവിധാനവുമായി ബന്ധപ്പെട്ടതാണെന്നും വിഷയത്തിൽ അടിയന്തര ഇടപെടൽ ആവശ്യമാണെന്നും സി.പി. ജോൺ വ്യക്തമാക്കി.
പരിവാഹൻ സൈറ്റിൽ നിന്ന് സ്പെഷ്യൽ പെർമിറ്റ് ലഭിക്കാത്തതിനെ തുടർന്നാണ് കേരള രജിസ്ട്രേഷൻ ടൂറിസ്റ്റ് വാഹനങ്ങൾ പ്രതിസന്ധിയിലായത്. തമിഴ്നാട്–കർണാടക അതിർത്തികളിൽ നൂറുകണക്കിന് വാഹനങ്ങളും നിരവധി വിനോദസഞ്ചാരികളും കുടുങ്ങിയതായി റിപ്പോർട്ടുകളുണ്ട്.
അവധി ദിനത്തിൽ വിനോദയാത്രയ്ക്കായി പുറപ്പെട്ടവരാണ് പ്രധാനമായും പ്രതിസന്ധിയിലായത്. ശനിയാഴ്ച വൈകുന്നേരം മുതൽ പരിവാഹൻ സൈറ്റ് പ്രവർത്തനരഹിതമാണെന്നാണ് പരാതി. ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ വിവരം അറിയിച്ചിട്ടും പ്രശ്നത്തിന് പരിഹാരമാകാത്തതിനെ തുടർന്നാണ് വിഷയം ശ്രദ്ധയിൽപ്പെട്ടത്.
പരിവാഹൻ സൈറ്റ് ഇടയ്ക്കിടെ തകരാറിലാകുന്നത് യാത്രക്കാർക്ക് സ്ഥിരം ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായും പരാതിയുണ്ട്. മുൻപ് ചെക്ക് പോസ്റ്റുകളിൽ നേരിട്ട് എത്തി പെർമിറ്റ് എടുക്കാൻ സാധിച്ചിരുന്നെങ്കിലും സേവനങ്ങൾ പൂർണമായും ഓൺലൈനാക്കിയതോടെ പരിവാഹൻ സൈറ്റിനെ മാത്രമാണ് ആശ്രയിക്കേണ്ടത്.
പ്രായമായവരും കുട്ടികളും ഉൾപ്പെടെ നിരവധി യാത്രക്കാർ അതിർത്തികളിൽ കുടുങ്ങിയ സാഹചര്യത്തിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന ആവശ്യം ശക്തമാണ്. തിരുവനന്തപുരം ടെക്നോപാർക്ക് കേന്ദ്രീകരിച്ച് കേരളത്തിന് സ്വന്തമായി സെർവറോ മിറർ സെർവറോ ഒരുക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.













