എറണാകുളം: നിയന്ത്രണം വിട്ട കാറിടിച്ച് ബൈക്ക് യാത്രികനായ എഫ്സിഐ ജീവനക്കാരൻ മരിച്ചു. കൊച്ചി കുമ്പളങ്ങി പനത്തറ വീട്ടിൽ പി.ആർ. ഷാബു (57) ആണ് മരിച്ചത്.
ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നോടെ മേക്കാട്–അത്താണി റോഡിൽ നെടുമ്പാശ്ശേരി സർവീസ് സഹകരണ ബാങ്കിന്റെ ഹെഡ് ഓഫീസിന് സമീപമായിരുന്നു അപകടം. അങ്കമാലി എഫ്സിഐ ഗോഡൗണിലെ കയറ്റിറക്ക് തൊഴിലാളിയായ ഷാബു ജോലി കഴിഞ്ഞ് ബൈക്കിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് പിന്നിൽ നിന്ന് അമിത വേഗത്തിലെത്തിയ കാർ ഇടിച്ചത്.
ബൈക്കും കാറും അത്താണി ഭാഗത്തേക്കാണ് പോയിരുന്നത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഷാബുവിനെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
നിമിഷയാണ് ഭാര്യ. മക്കൾ ഷിനോയ്, ഷാനിയ. സംസ്കാരം ഞായറാഴ്ച വൈകിട്ട് നാലിന് കുമ്പളങ്ങി ശ്മശാനത്തിൽ നടക്കും




