തിരുവനന്തപുരം: സംസ്ഥാന പോലീസ് വാടകയ്‌ക്കെടുത്ത ഹെലികോപ്റ്ററിന്റെ വാടക സംവിധാനത്തിൽ മാറ്റം വരുത്താൻ സർക്കാർ നീക്കം. പ്രതിമാസ വാടക ഒഴിവാക്കി ഹെലികോപ്റ്റർ ഉപയോഗിക്കുന്ന സമയത്തിന് മാത്രം പണം നൽകുന്ന രീതിയിലേക്ക് മാറാനാണ് ആലോചന.
നിലവിലെ കരാർ വ്യവസ്ഥകൾ പ്രകാരം പ്രതിമാസം 80 ലക്ഷം രൂപയാണ് ഹെലികോപ്റ്റർ കമ്പനിക്ക് നൽകുന്നത്. ഹെലികോപ്റ്റർ ഉപയോഗിച്ചാലും ഇല്ലെങ്കിലും ഈ തുക നൽകേണ്ട സാഹചര്യമാണുള്ളത്. 80 ലക്ഷം രൂപയുടെ മാസവാടകയിൽ പരമാവധി 25 മണിക്കൂർ വരെ ഹെലികോപ്റ്റർ ഉപയോഗിക്കാനായിരുന്നു അനുമതി.
എന്നാൽ മുൻകാലങ്ങളിൽ ഹെലികോപ്റ്ററിന്റെ ഉപയോഗം പല മാസങ്ങളിലും അഞ്ചോ ആറോ മണിക്കൂറിൽ ഒതുങ്ങിയിരുന്നു. കുറഞ്ഞ ഉപയോഗത്തിനും വലിയ തുക മാസവാടകയായി നൽകേണ്ടിവന്നത് വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു.
ഇതിന്റെ പശ്ചാത്തലത്തിലാണ് പറക്കുന്ന സമയത്തിന് മാത്രം വാടക നൽകുന്ന രീതിയിലേക്ക് കരാർ മാറ്റാൻ സർക്കാർ നീക്കം ആരംഭിച്ചത്. ഒരു മണിക്കൂർ പറക്കുന്നതിന് നാല് ലക്ഷം രൂപ ഈടാക്കാമെന്ന നിർദേശമാണ് ഹെലികോപ്റ്റർ കമ്പനി ഇപ്പോൾ സർക്കാരിന് മുന്നിൽ വെച്ചിരിക്കുന്നത്.
കമ്പനിയുടെ നിർദേശത്തിൽ സർക്കാർ അന്തിമ തീരുമാനം എടുത്തിട്ടില്ല. നിരക്ക് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ കൂടുതൽ ചർച്ചകൾ നടത്തി ഇരുകക്ഷികൾക്കും സ്വീകാര്യമായ വ്യവസ്ഥകളോടെ പുതിയ കരാറിലെത്താനാണ് സാധ്യത.
ഒന്നാം പിണറായി വിജയൻ സർക്കാരിന്റെ കാലത്താണ് കേരള പോലീസ് ആദ്യമായി ഹെലികോപ്റ്റർ വാടകയ്‌ക്കെടുത്തത്. നിലവിലെ കരാർ മാറ്റുന്നതോടെ ഹെലികോപ്റ്ററിന്റെ ഉപയോഗം കുറവുള്ള മാസങ്ങളിൽ സർക്കാരിന് ഉണ്ടാകുന്ന സ്ഥിരവാടക ചെലവ് ഒഴിവാക്കാൻ സാധിക്കും.


