എറണാകുളം: 10 ഗ്രാം ഹെറോയിനുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ. അസം നൗഗാവ് സ്വദേശി ത്വരീബുൾ ഇസ്ലാം (29) ആണ് പിടിയിലായത്. പുല്ലുവഴി മനക്കപ്പടി ഭാഗത്ത് നിന്നാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിലാണ് ഇയാൾ ഹെറോയിൻ വിൽപ്പന നടത്തിയിരുന്നതെന്നാണ് പൊലീസ് പറയുന്നത്. ചെറിയ കുപ്പികളിലാക്കി ഹെറോയിൻ വിൽപ്പന നടത്തിയിരുന്ന ഇയാൾ ഒരു കുപ്പിക്ക് 2,000 രൂപ ഈടാക്കിയിരുന്നു. അസമിൽ നിന്നാണ് ഹെറോയിൻ എത്തിച്ചിരുന്നതെന്ന് ഇയാൾ പൊലീസിനോട് മൊഴി നൽകിയതായും പൊലീസ് അറിയിച്ചു.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കുറച്ചുനാളായി ഇയാൾ പൊലീസ് നിരീക്ഷണത്തിലായിരുന്നു. പെരുമ്പാവൂർ എഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘവും കുറുപ്പുംപടി പൊലീസും ചേർന്നാണ് പ്രതിയെ പിടികൂടിയത്.
നർക്കോട്ടിക് സെൽ ഡിവൈഎസ്പി സി. ബിനുകുമാർ, സർക്കിൾ ഇൻസ്പെക്ടർ റിൻസ് എം. തോമസ്, എസ്ഐമാരായ എൽദോ പോൾ, അഭിലാഷ്, എഎസ്ഐ പി.ഐ. അബ്ദുൽ മനാഫ്, സീനിയർ സിപിഒമാരായ ടി.എ. അഫ്സൽ, അരുൺ കെ. കരുൺ, റോബിൻ ജോയ്, രഞ്ജു വി. തങ്കപ്പൻ, രൂപേഷ്, ധന്യ എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.














