Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

കെ.കെ. മമ്മുണ്ണി മൗലവി അന്തരിച്ചു; വിടപറഞ്ഞത് പ്രമുഖ ജമാഅത്തെ ഇസ്‌ലാമി നേതാവ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: ജമാഅത്തെ ഇസ്‌ലാമി നേതാവ് കെ.കെ. മമ്മുണ്ണി മൗലവി അന്തരിച്ചു. 1944ൽ മലപ്പുറം ജില്ലയിലെ മുള്ള്യാകുർശിയിലാണ് ജനനം. കളക്കണ്ടത്തിൽ മുഹമ്മദ്-കാടന്തൊടി മറിയക്കുട്ടി ദമ്പതികളുടെ മകനാണ്.

ശാന്തപുരം ജാമിഅ അൽ ഇസ്‌ലാമിയ്യയിലെ ആദ്യകാല വിദ്യാർഥികളിൽ ഒരാളായിരുന്ന മമ്മുണ്ണി മൗലവി 1955 മുതൽ 1965 വരെ ശാന്തപുരം ഇസ്‌ലാമിയ്യ കോളജിൽ പഠിച്ചു. എഫ്.ഡി, ബി.എസ്‌സി ബിരുദങ്ങൾ നേടി. പഠനാനന്തരം ഹ്രസ്വകാലം കാരയാട് മദ്‌റസയിൽ അധ്യാപകനായി പ്രവർത്തിച്ചു.

1966 മുതൽ 1976 വരെ ചാവക്കാട് മുതുവട്ടൂർ മഹല്ല് ഇമാമായും മദ്‌റസ അധ്യാപകനായും സേവനമനുഷ്ഠിച്ചു. ഇതിനിടെ ഒരു വർഷം മൂവാറ്റുപുഴ മദ്‌റസത്തുൽ ബനാത്തിന്റെ പ്രിൻസിപ്പലായും പ്രവർത്തിച്ചു. 1977 മുതൽ പത്ത് വർഷം എറണാകുളം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം, കോട്ടയം, ഇടുക്കി, പത്തനംതിട്ട, തൃശൂർ, പാലക്കാട് ജില്ലകളിൽ ജമാഅത്തെ ഇസ്‌ലാമി മേഖലാ നാസിമായിരുന്നു. ദീർഘകാലം ജമാഅത്തെ ഇസ്‌ലാമി കേരള ശൂറയിലും അഖിലേന്ത്യാ പ്രതിനിധി സഭയിലും അംഗമായിരുന്നു.

പെരിന്തൽമണ്ണ ഇസ്‌ലാമിക് മിഷൻ ട്രസ്റ്റ് സെക്രട്ടറി, ശാന്തപുരം മഹല്ല് അസിസ്റ്റന്റ് ഖാദി, വാടാനപ്പള്ളി ഓർഫനേജ് ആൻഡ് ഇസ്‌ലാമിയ കോളജ് പ്രിൻസിപ്പൽ തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. മലർവാടി ബാലമാസികയുടെ പ്രസിദ്ധീകരണത്തിന് പിന്നിൽ പ്രധാന പങ്കുവഹിച്ച അദ്ദേഹം ദീർഘകാലം അതിന്റെ പബ്ലിഷറായും പ്രവർത്തിച്ചു.

ശാന്തപുരം ഇസ്‌ലാമിയ കോളജ്, വാടാനപ്പള്ളി ഓർഫനേജ്, പത്തിരിപ്പാല മൗണ്ട് സീന, പെരുമ്പിലാവ് അൻസാർ സ്ഥാപനങ്ങൾ, അഴീക്കോട് ഇസ്‌ലാമിക് എജ്യുക്കേഷണൽ കോംപ്ലക്സ് തുടങ്ങിയ സ്ഥാപനങ്ങളുടെ ഭരണസമിതികളിലും അംഗമായിരുന്നു.

പത്തിരിപ്പാല ബൈത്തുശ്ശാരിഖ അൽ ഖൈരി ട്രസ്റ്റ്, പെരുമ്പിലാവ് അൻസാരി ചാരിറ്റബിൾ ട്രസ്റ്റ്, വാടാനപ്പള്ളി ഓർഫനേജ് കമ്മിറ്റി, കേച്ചേരി അൽ ഇസ്ലാഹ്, അഴീക്കോട് ഇസ്‌ലാമിക് എജ്യുക്കേഷണൽ കോംപ്ലക്സ്, പെരിങ്ങാടി അൽഫലാഹ്, തുവ്വൂർ ഹിറ ഇംഗ്ലീഷ് സ്കൂൾ തുടങ്ങിയ സ്ഥാപനങ്ങളുടെ ചെയർമാനായും പ്രവർത്തിച്ചു.

കേരളത്തിന് പുറത്തും ജമാഅത്തെ ഇസ്‌ലാമിയുടെ സേവനമേഖല വിപുലപ്പെടുത്തുന്നതിൽ മമ്മുണ്ണി മൗലവി പ്രധാന പങ്കുവഹിച്ചു. വിഷൻ 2016 പദ്ധതിയുടെ വൈസ് ചെയർമാനെന്ന നിലയിൽ രാജ്യത്തെ പിന്നാക്ക പ്രദേശങ്ങളിൽ സഞ്ചരിച്ച് വിദ്യാഭ്യാസ-സേവന സംരംഭങ്ങൾക്ക് നേതൃത്വം നൽകി. പള്ളി നിർമാണം, വിദ്യാഭ്യാസ കേന്ദ്രങ്ങളുടെ നിർമാണവും അടിസ്ഥാന സൗകര്യ വികസനവും, ജനസേവനം തുടങ്ങിയ മേഖലകളിലെ നിരവധി പദ്ധതികളിലും അദ്ദേഹം നേതൃപരമായ പങ്കുവഹിച്ചു.

ഭാര്യ ഖദീജ. ഹഫ്സത്ത്, നസീമ, സാജിദ, നജ്മുന്നിസ, നദീറ, മുബാറക, യാസിർ, അബ്ദുറബ്ബ്, ബിലാൽ എന്നിവരാണ് മക്കൾ.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix