തിരുവനന്തപുരം: മാസപ്പടി കേസിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച സർക്കാർ ഉത്തരവിൽ നിയമപ്രശ്നങ്ങളുണ്ടെന്ന് ബിജെപി നേതാവ് ഷോൺ ജോർജ് ആരോപിച്ചു. ഇ.ഡി കത്ത് നൽകിയത് സംസ്ഥാന പൊലീസ് മേധാവിക്കാണെന്നും എന്നാൽ അന്വേഷണത്തിന് ആഭ്യന്തര മന്ത്രിക്ക് നേരിട്ട് നിർദേശം നൽകാനാകില്ലെന്നുമാണ് ഷോൺ ജോർജിന്റെ വാദം. ആഭ്യന്തര മന്ത്രി തന്നെ ആരോപണവിധേയനായ സാഹചര്യത്തിൽ അന്വേഷണം സംബന്ധിച്ച തീരുമാനത്തിൽ നിയമപരമായ സംശയങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മാസപ്പടി കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശനെയും പ്രതിപക്ഷ നേതാവ് പിണറായി വിജയനെയും ഉൾപ്പെടെ നിരവധി പ്രമുഖരുടെ പേരുകൾ രേഖകളിലുണ്ടെന്നാണ് ഷോൺ ജോർജ് അവകാശപ്പെട്ടത്. എസ്.എഫ്.ഐ.ഒ കോടതിയിൽ സമർപ്പിച്ച രേഖകളിൽ നിന്നുള്ള വിവരങ്ങളാണ് പുറത്തുവിട്ടതെന്നും അദ്ദേഹം പറഞ്ഞു. സി.എം.ആർ.എൽ മാനേജിങ് ഡയറക്ടർ ശശിധരൻ കർത്തായിൽ നിന്ന് പിടിച്ചെടുത്തതായി പറയുന്ന ഡയറിയിലെ പേജുകളാണ് ഷോൺ ജോർജ് പുറത്തുവിട്ടത്.
ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, വി.എസ്. അച്യുതാനന്ദൻ, കെ. മുരളീധരൻ, സി.കെ. ചന്ദ്രപ്പൻ, എളമരം കരീം, എം.വി. ഗോവിന്ദൻ, ഹൈബി ഈഡൻ, പന്ന്യൻ രവീന്ദ്രൻ, എസ്. ശർമ്മ, പി. രാജീവ്, ഷിബു ബേബി ജോൺ, കെ.ബി. ഗണേഷ് കുമാർ തുടങ്ങിയവരുടെ പേരുകളും ഡയറിയിലെ പേജിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് ഷോൺ ജോർജിന്റെ അവകാശവാദം. പിണറായി വിജയന്റെ പേര് ചുരുക്കെഴുത്തിലല്ല, ‘പിണറായി’ എന്ന് തന്നെയാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പുറത്തുവന്ന രേഖകളുടെ അടിസ്ഥാനത്തിൽ നിരവധി ചോദ്യങ്ങൾ ഉയരുന്നുണ്ടെന്നും ഇത്രയും വിവരങ്ങൾ ഉണ്ടായിട്ടും വിഷയത്തിൽ വിജിലൻസ് അന്വേഷണം നടക്കാത്തത് എന്തുകൊണ്ടാണെന്നും ഷോൺ ജോർജ് ചോദിച്ചു. കേസ് സി.ബി.ഐക്ക് കൈമാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇപ്പോഴത്തെ അന്വേഷണം തെളിവുകൾ ഇല്ലാതാക്കാനുള്ള സാഹചര്യം സൃഷ്ടിക്കുമെന്ന ആരോപണവും ഷോൺ ജോർജ് ഉന്നയിച്ചു.
തന്റെ കൈവശം ലഭിച്ച രേഖകളിൽ ബിജെപി നേതാക്കളുടെ പേരുകളില്ലെന്നും മറുനാടൻ ഷാജൻ അയച്ചുനൽകിയ രേഖകളാണ് പുറത്തുവിട്ടതെന്നും ഷോൺ ജോർജ് പറഞ്ഞു.


