തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം കൂടുന്ന പീക്ക് സമയത്ത് ഉപഭോക്താക്കളും വ്യവസായ സ്ഥാപനങ്ങളും നിയന്ത്രണം പാലിക്കണമെന്ന് സർക്കാർ. ഇതുസംബന്ധിച്ച് ഊർജവകുപ്പ് സെക്രട്ടറി എം.ജി. രാജമാണിക്യം സർക്കുലർ പുറത്തിറക്കി.
വൈകിട്ട് 7 മുതൽ രാത്രി 12 വരെ വൈദ്യുതി ഉപയോഗം പരമാവധി കുറയ്ക്കണമെന്നാണ് നിർദേശം. വ്യവസായ സ്ഥാപനങ്ങളുടെ പ്രവർത്തനം സോളാർ വൈദ്യുതി ലഭിക്കുന്ന സമയത്തേക്കോ വൈദ്യുതി ഉപയോഗം കുറവുള്ള ഓഫ്-പീക്ക് സമയത്തേക്കോ മാറ്റണമെന്നും സർക്കുലറിൽ പറയുന്നു.
വാട്ടർ അതോറിറ്റിയുടെ പമ്പിങ് ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ പകൽ സമയത്തേക്ക് മാറ്റണം. വീടുകളിൽ കൂടുതൽ വൈദ്യുതി ഉപയോഗിക്കുന്ന ഉപകരണങ്ങളുടെ പ്രവർത്തനവും പകൽ സമയത്താക്കണമെന്ന് നിർദേശമുണ്ട്. എയർകണ്ടീഷണറുകളുടെ താപനില 25 ഡിഗ്രി സെൽഷ്യസായി ക്രമീകരിക്കണമെന്നും അനാവശ്യ ദീപാലങ്കാരങ്ങൾ ഒഴിവാക്കണമെന്നും സർക്കുലറിൽ ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് ഇന്നലെ 96.01 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഉപയോഗിച്ചത്. പവർ എക്സ്ചേഞ്ചിൽ നിന്ന് കൂടുതൽ വൈദ്യുതി ലഭിച്ചതിനെ തുടർന്ന് രാത്രി 9 മണിക്ക് ശേഷമുള്ള വൈദ്യുതി നിയന്ത്രണം ഒഴിവാക്കിയിരുന്നു.




