തൃശൂർ: തൃശൂർ മെഡിക്കൽ കോളേജിൽ വൈദ്യുതി തടസ്സത്തെ തുടർന്ന് നേരത്തെ നിശ്ചയിച്ച ശസ്ത്രക്രിയകൾ ഉൾപ്പെടെ നിർത്തിവെക്കാൻ നിർദേശം. അടിയന്തര ശസ്ത്രക്രിയകൾ മാത്രമായിരിക്കും നടത്തുക. മെഡിക്കൽ കോളേജിലേക്ക് വൈദ്യുതി വിതരണം ചെയ്യുന്ന സബ്സ്റ്റേഷനിലുണ്ടായ തകരാറാണ് പ്രതിസന്ധിക്ക് കാരണമെന്ന് അധികൃതർ അറിയിച്ചു.
തകരാർ പരിഹരിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ഇന്നലെ രാത്രി 10 മണിയോടെയാണ് വൈദ്യുതി തടസ്സമുണ്ടായത്. ആശുപത്രിയിൽ പ്രതിദിനം ശരാശരി 24 ശസ്ത്രക്രിയകൾ നടക്കാറുണ്ട്. നിലവിൽ ഇലക്ടീവ് ശസ്ത്രക്രിയകളാണ് ഒഴിവാക്കിയിരിക്കുന്നത്.
തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ നിന്നുള്ള നിരവധി രോഗികൾ ആശ്രയിക്കുന്ന പ്രധാന ആശുപത്രിയാണ് തൃശൂർ മെഡിക്കൽ കോളേജ്. വൈദ്യുതി വിതരണം പുനഃസ്ഥാപിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചു.












