ന്യൂഡൽഹി: നോയിഡയിലെ തൊഴിലാളി സമരവുമായി ബന്ധപ്പെട്ട കേസിൽ ജില്ലാ മജിസ്‌ട്രേറ്റ് മേധാ രൂപം നൽകിയ ഹർജി സുപ്രീംകോടതിയിലെ പ്രത്യേക ബെഞ്ച് പരിഗണിച്ചത് വിവാദത്തിൽ. ഇത്തരം കേസുകൾ സാധാരണ പരിഗണിക്കുന്ന ബെഞ്ചുകൾക്ക് പകരം മറ്റൊരു ബെഞ്ചിന് മുമ്പാകെ ഹർജി എത്തിയതിലാണ് അഭിഭാഷക സംഘടനകൾ ചോദ്യമുയർത്തുന്നത്.
തൊഴിലാളി പ്രതിഷേധത്തിനിടെ വിദ്യാർഥി നേതാവ് ആകൃതി ചൗധരിയെ ദേശീയ സുരക്ഷാ നിയമപ്രകാരം തടങ്കലിൽവെച്ച നടപടി അലഹബാദ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. ആകൃതിക്ക് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽ നിന്ന് തുക ഈടാക്കാനും ഹൈക്കോടതി നിർദേശിച്ചിരുന്നു. ഇതിനെതിരെയാണ് മേധാ രൂപയും ഉത്തർപ്രദേശ് സർക്കാരും സുപ്രീംകോടതിയെ സമീപിച്ചത്.
ജൂലൈ 13 മുതൽ നിലവിലുള്ള സുപ്രീംകോടതി റോസ്റ്റർ പ്രകാരം ഹേബിയസ് കോർപ്പസ്, കരുതൽ തടങ്കൽ തുടങ്ങിയ കേസുകൾ ആദ്യ നാല് ബെഞ്ചുകളാണ് പരിഗണിക്കുന്നത്. എന്നാൽ മേധാ രൂപയുടെ ഹർജി ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമ്മ, ജസ്റ്റിസ് എൻ. കോടീശ്വർ സിംഗ് എന്നിവർ ഉൾപ്പെട്ട ബെഞ്ചാണ് പരിഗണിച്ചത്.
ഈ ബെഞ്ച് സാധാരണയായി ഇത്തരം കേസുകൾ പരിഗണിക്കാറില്ലെന്നാണ് ‘ലോയേഴ്‌സ് അസോസിയേഷൻ ഫോർ കോൺസ്റ്റിറ്റിയൂഷൻ’ ആരോപിച്ചത്. ഹർജി പ്രത്യേകമായി ഈ ബെഞ്ചിന് മുമ്പാകെ ലിസ്റ്റ് ചെയ്തതിലും വാദത്തിനിടെ ഓൺലൈൻ സംവിധാനം മ്യൂട്ട് ചെയ്തതിലും വിശദീകരണം വേണമെന്ന് ആവശ്യപ്പെട്ട് സംഘടന ചീഫ് ജസ്റ്റിസിന് കത്തയച്ചു.
അതിനിടെ, അഞ്ച് ലക്ഷം രൂപ മേധാ രൂപയിൽ നിന്ന് ഈടാക്കാനുള്ള ഹൈക്കോടതി ഉത്തരവിന് സുപ്രീംകോടതി താൽക്കാലിക സ്റ്റേ നൽകിയിരുന്നു. എന്നാൽ ആകൃതി ചൗധരിക്കെതിരെ ദേശീയ സുരക്ഷാ നിയമം ചുമത്തിയത് റദ്ദാക്കിയ ഹൈക്കോടതി നടപടിക്ക് ഈ സ്റ്റേ ബാധകമല്ലെന്ന് സുപ്രീംകോടതി പിന്നീട് വ്യക്തമാക്കി.
മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ മകളാണ് മേധാ രൂപ. 2014 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥയാണ് അവർ. മേധാ രൂപയ്ക്ക് പ്രത്യേക പരിഗണന നൽകിയെന്ന ആരോപണവുമായി സിജെപി നേതാവ് ഗൗരവ് ദാസ് രംഗത്തെത്തി. കോടതി നടപടി ആശങ്കയുണ്ടാക്കുന്നതാണെന്നും സിജെപി പ്രതികരിച്ചു.












