ഇടുക്കി: ഇടുക്കിയിൽ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധവുമായി യൂത്ത് ഫ്രണ്ട് എം പ്രവർത്തകർ. ആനത്താരകളിലെ അനധികൃത ഫെൻസിങ്ങുകളും കെട്ടിടങ്ങളും പൊളിച്ചുനീക്കണമെന്ന ഉത്തരവിനെതിരെയായിരുന്നു പ്രതിഷേധം.
ഇടുക്കി വാഴവരയിൽ വച്ചാണ് പ്രവർത്തകർ മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ കരിങ്കൊടി കാണിച്ചത്. വാഹനത്തിന് മുന്നിലേക്ക് പ്രവർത്തകർ ചാടിവീണെങ്കിലും വാഹനം നിർത്താതെ കടന്നുപോയി.
വിവിധ പരിപാടികളിൽ പങ്കെടുക്കുന്നതിനായി മുഖ്യമന്ത്രി ഇന്ന് രാവിലെ ഇടുക്കിയിലെത്തിയിരുന്നു. കളക്ടറേറ്റിലെ പരിപാടിയിൽ പങ്കെടുത്ത ശേഷം കട്ടപ്പനയിലേക്ക് പോകുന്നതിനിടെയാണ് വാഴവരയിൽ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധമുണ്ടായത്.















