ആലപ്പുഴ: മദ്യപിച്ചുണ്ടായ തർക്കത്തിനിടെ സുഹൃത്തിനെ യുവാവ് കുത്തിക്കൊന്നു. ചുങ്കം സ്വദേശി ആന്റണി വർഗീസാണ് മരിച്ചത്. ആലപ്പുഴ സ്വദേശി അഫ്സലാണ് സംഭവത്തിൽ പ്രതി. ഇരുവരും സുഹൃത്തുക്കളായിരുന്നു.
വെള്ളിയാഴ്ച വൈകുന്നേരം ഇരുവരും ഒരുമിച്ചിരുന്ന് മദ്യപിച്ചിരുന്നതായാണ് പ്രാഥമിക വിവരം. ഇതിനിടെ വാക്കുതർക്കമുണ്ടായി. തർക്കത്തിനിടെ ആന്റണി ഒരു കല്ല് അഫ്സലിന് നേരെ എറിഞ്ഞു. ഇതിൽ പ്രകോപിതനായ അഫ്സൽ കൈയിലുണ്ടായിരുന്ന ചെറിയ കത്തി ഉപയോഗിച്ച് ആന്റണിയുടെ വയറ്റിൽ കുത്തുകയായിരുന്നു.
ശനിയാഴ്ച രാവിലെയാണ് ആന്റണിയുടെ മൃതദേഹം കണ്ടെത്തിയത്. കുത്തേറ്റത് ഗുരുതരമായിരുന്നില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ രക്തം വാർന്നാണ് മരണം സംഭവിച്ചതെന്നാണ് പൊലീസ് സംശയിക്കുന്നത്. മൃതശരീരം പോസ്റ്റ്മോർട്ടത്തിനായി വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.












