തിരുവനന്തപുരം: സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിലെ അധ്യാപക, അനധ്യാപക നിയമനങ്ങൾക്ക് പൊലീസ് വെരിഫിക്കേഷൻ നിർബന്ധമാക്കി വിദ്യാഭ്യാസ വകുപ്പ്. ക്രിമിനൽ കേസുകളിൽപ്പെട്ടവർ എയ്ഡഡ് സ്കൂൾ സർവീസിൽ പ്രവേശിക്കുന്നത് തടയുന്നതിനായാണ് നടപടി.
പൊലീസ് വെരിഫിക്കേഷൻ നിർബന്ധമാക്കിക്കൊണ്ടുള്ള ഉത്തരവ് വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി. നേരത്തെ ഇതുസംബന്ധിച്ച് ആഭ്യന്തര വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. പൊതുമേഖലാ സ്ഥാപനങ്ങൾ, ക്ഷേമനിധി ബോർഡുകൾ, സഹകരണ സ്ഥാപനങ്ങൾ തുടങ്ങിയവയിൽ ജോലിയിൽ പ്രവേശിച്ച് ഒരു മാസത്തിനകം പൊലീസ് വെരിഫിക്കേഷൻ പൂർത്തിയാക്കണമെന്നായിരുന്നു ആഭ്യന്തര വകുപ്പിന്റെ നിർദേശം.
ഇതിന്റെ അടിസ്ഥാനത്തിലാണ് എയ്ഡഡ് സ്കൂൾ നിയമനങ്ങളിലും പൊലീസ് വെരിഫിക്കേഷൻ നിർബന്ധമാക്കിയത്. നിയമന അംഗീകാരത്തിനായി സമർപ്പിക്കേണ്ട രേഖകളിൽ പൊലീസ് വെരിഫിക്കേഷൻ പെർഫോമയും ഉൾപ്പെടുത്തണമെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവിൽ വ്യക്തമാക്കുന്നു.
പെർഫോമ ലഭിച്ചാൽ നിയമന അംഗീകാര അധികാരികൾ ബന്ധപ്പെട്ട പൊലീസ് അധികാരികളിൽനിന്ന് റിപ്പോർട്ട് തേടണം. പൊലീസ് റിപ്പോർട്ട് കൂടി പരിഗണിച്ച ശേഷമേ നിയമനത്തിന് അംഗീകാരം നൽകാവൂ എന്നും ഉത്തരവിൽ നിർദേശിച്ചിട്ടുണ്ട്.
പുതിയ നടപടിയുടെ ഭാഗമായി കേരള വിദ്യാഭ്യാസ ചട്ടങ്ങളിലും ആവശ്യമായ മാറ്റങ്ങൾ വരുത്തും. ക്രിമിനൽ പശ്ചാത്തലമുള്ളവർ നിയമനത്തിലൂടെ സർവീസിൽ പ്രവേശിക്കുന്നത് തടയുന്നതിനാണ് പരിശോധന നിർബന്ധമാക്കുന്നതെന്ന് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി.




