തിരുവനന്തപുരം: മന്ത്രി കെ.എം. ഷാജി സ്വകാര്യ ആഡംബര വാഹനം ഔദ്യോഗിക യാത്രയ്ക്കായി ഉപയോഗിച്ചെന്ന പരാതിയിൽ മോട്ടോർ വാഹന കമ്മിഷണർക്ക് പരാതി. സെപ്റ്റംബർ 23ന് ട്രാൻസ്പോർട്ട് കമ്മിഷണർക്ക് നൽകിയ പരാതിയിൽ ഇതുവരെ നടപടിയുണ്ടായിട്ടില്ലെന്നാണ് പരാതിക്കാരന്റെ ആരോപണം.
സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള റേഞ്ച് റോവർ വാഹനത്തിൽ കേരള സ്റ്റേറ്റ് ബോർഡും സർക്കാർ ചിഹ്നങ്ങളും പതിച്ച് മന്ത്രി ഉപയോഗിച്ചതിനെതിരെയാണ് പരാതി. മോട്ടോർ വാഹന നിയമത്തിന്റെ വിവിധ വ്യവസ്ഥകളുടെ ഗുരുതരമായ ലംഘനം നടന്നതായി പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
1988ലെ മോട്ടോർ വെഹിക്കിൾ ആക്ടിലെ സെക്ഷൻ 39, 40, 41, 43, 52, 66, 1989ലെ മോട്ടോർ വെഹിക്കിൾ റൂൾസിലെ 92 എ എന്നീ വ്യവസ്ഥകൾ ലംഘിച്ചതിന് നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം. ദേശീയ ചിഹ്നങ്ങളും പേരും ദുരുപയോഗം ചെയ്തെന്നാരോപിച്ച് എംബ്ലംസ് ആൻഡ് നെയിംസ് (പ്രിവൻഷൻ ഓഫ് ഇംപ്രോപ്പർ യൂസ്) ആക്ട്, 1950, സ്റ്റേറ്റ് എംബ്ലം ഓഫ് ഇന്ത്യ (പ്രൊഹിബിഷൻ ഓഫ് ഇംപ്രോപ്പർ യൂസ്) ആക്ട്, 2005 എന്നിവ പ്രകാരവും നടപടി വേണമെന്ന് പരാതിയിൽ ആവശ്യപ്പെടുന്നു.
ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 204, 205 പ്രകാരവും കുറ്റം ചുമത്തണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ വകുപ്പുകൾ പ്രകാരം മൂന്നുവർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണ് ആരോപിച്ചിരിക്കുന്നത്. പരിശോധന നടത്തി നിയമലംഘനം കണ്ടെത്തിയാൽ ആഡംബര വാഹനം പിടിച്ചെടുക്കണമെന്നും പരാതിക്കാരൻ ആവശ്യപ്പെട്ടു.
അഡ്വ. അതുൽ ടോമാണ് പരാതി നൽകിയത്. പരാതിയുടെ പകർപ്പ് കണ്ണൂർ ഇരിട്ടി ജോയിന്റ് ആർ.ടി.ഒയ്ക്കും നൽകിയിട്ടുണ്ട്.




