തിരുവനന്തപുരം: പഞ്ചാബിലെ ലൗലി പ്രൊഫഷണൽ സർവകലാശാലയിൽ വിദ്യാർഥി പ്രതിഷേധത്തിനിടെ ഉണ്ടായ സംഘർഷത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ആശങ്ക രേഖപ്പെടുത്തി. പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടന്നെന്ന ആരോപണത്തിന് പിന്നാലെ പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരെ സർവകലാശാലയിൽ നടക്കുന്ന അതിക്രമം ഗൗരവത്തോടെ കാണണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
വിദ്യാർഥികളുടെ പ്രതിഷേധം പൊലീസ്, സംഘപരിവാർ പ്രവർത്തകർ എന്നിവരെ ഉപയോഗിച്ച് അടിച്ചമർത്താൻ സർവകലാശാലാ സ്ഥാപകനും ബിജെപി എംപിയുമായ അശോക് കുമാർ മിത്തൽ ശ്രമിക്കുകയാണെന്ന് പിണറായി വിജയൻ ഫേസ്ബുക്ക് കുറിപ്പിൽ ആരോപിച്ചു.
സർവകലാശാലയിൽ പഠിക്കുന്ന 1,500ലധികം മലയാളി വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കണമെന്നും നാട്ടിലേക്ക് മടങ്ങാൻ ആവശ്യമായ യാത്രാസൗകര്യം ഒരുക്കണമെന്നും കേന്ദ്ര-സംസ്ഥാന സർക്കാരുകളോട് അദ്ദേഹം ആവശ്യപ്പെട്ടു. സംഭവത്തിൽ വിദ്യാർഥികളുടെ സുരക്ഷയ്ക്കാണ് അടിയന്തര പരിഗണന നൽകേണ്ടതെന്നും പിണറായി വിജയൻ വ്യക്തമാക്കി.













