കൊച്ചി: കേരള പൊലീസ് സംഘടനാ പുനഃക്രമീകരണവുമായി ബന്ധപ്പെട്ട സർക്കാർ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. പൊലീസ് ഉദ്യോഗസ്ഥർക്ക് സംഘടനാ പ്രവർത്തനം നടത്താനുള്ള അവകാശമുണ്ടെന്നും സംഘടനാ പ്രവർത്തനം ഭരണഘടനാപരമായ അവകാശത്തിന്റെ ഭാഗമാണെന്നും ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് അധ്യക്ഷനായ സിംഗിൾ ബെഞ്ച് നിരീക്ഷിച്ചു.
പൊലീസ് സംഘടനകൾ പിരിച്ചുവിട്ട് അഡ്ഹോക് കമ്മിറ്റി രൂപീകരിച്ച ഉത്തരവും കോടതി റദ്ദാക്കി. കേരള പൊലീസ് അസോസിയേഷനും കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷനും നൽകിയ ഹർജികൾ അനുവദിച്ചാണ് നടപടി. പൊലീസ് അസോസിയേഷനുകളെ പുനഃസംഘടിപ്പിക്കാനോ നിർത്തലാക്കാനോ സർക്കാരിന് അധികാരമില്ലെന്നും കോടതി വ്യക്തമാക്കി.
സംഘടനാ പുനഃക്രമീകരണത്തെ അനുകൂലിച്ച് അഡ്ഹോക് കമ്മിറ്റി അംഗം ജി.ആർ. അജിത് നൽകിയ ഹർജിയും ഹൈക്കോടതി തള്ളി. പൊലീസിലെ സംഘടനാ പ്രവർത്തനം ഭരണഘടനാപരമായ അവകാശമല്ലെന്നും സർക്കാരിന്റെ ഔദാര്യമാണെന്നുമുള്ള വാദം കോടതി അംഗീകരിച്ചില്ല.
2011ലെ കേരള പൊലീസ് നിയമപ്രകാരം കേരള പൊലീസ് അസോസിയേഷൻ അംഗീകൃത സംഘടനയാണെന്നും അംഗീകൃത സംഘടനകളുടെ ബൈലോ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാൻ അവയ്ക്ക് നിയമപരമായ അവകാശമുണ്ടെന്നും കോടതി നിരീക്ഷിച്ചു. അതിനാൽ കേരള പൊലീസ് അസോസിയേഷനും കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷനും നൽകിയ ഹർജികൾ നിലനിൽക്കുമെന്നും കോടതി വ്യക്തമാക്കി.
ഭരണഘടനയുടെ ആർട്ടിക്കിൾ 19(1)(സി) പ്രകാരം സംഘടന രൂപീകരിക്കാനുള്ള സ്വാതന്ത്ര്യത്തിനൊപ്പം, അംഗങ്ങൾ സ്വമേധയാ അംഗീകരിച്ച ഘടനയോടെ സംഘടനയുമായി മുന്നോട്ടുപോകാനുള്ള അവകാശവും ഉൾപ്പെടുന്നുവെന്നാണ് കോടതി നിരീക്ഷിച്ചത്.
1966ലെ പൊലീസ് അവകാശങ്ങളുടെ നിയന്ത്രണം നിയമപ്രകാരം സംഘടനകൾക്ക് അംഗീകാരം നൽകാനും നിരസിക്കാനും റദ്ദാക്കാനുമുള്ള അധികാരം സർക്കാരിനില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. സംസ്ഥാന പൊലീസ് മേധാവിക്കാണ് ഇതിനുള്ള അധികാരം. അംഗീകാരം റദ്ദാക്കുന്നതിന് മുമ്പ് സംഘടനയ്ക്ക് മറുപടി നൽകാൻ ന്യായമായ അവസരം നൽകണമെന്നും നിയമം വ്യവസ്ഥ ചെയ്യുന്നു. എന്നാൽ കേരള പൊലീസ് അസോസിയേഷനും കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷനും അത്തരമൊരു അവസരം നൽകിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ പിരിച്ചുവിട്ട് അഡ്ഹോക് കമ്മിറ്റികൾ രൂപീകരിച്ച സർക്കാർ ഉത്തരവും നിയമപരമായി നിലനിൽക്കില്ലെന്ന് കോടതി വ്യക്തമാക്കി. മൂന്ന് അസോസിയേഷനുകളും നിലനിർത്തണമെന്നായിരുന്നു സംസ്ഥാന പൊലീസ് മേധാവിയുടെ റിപ്പോർട്ടിലെ ശുപാർശ. എന്നാൽ ഈ നിർദേശത്തിന് വിരുദ്ധമായി സർക്കാർ സംഘടനകളുടെ എണ്ണം രണ്ടായി ചുരുക്കിയെന്നും കോടതി നിരീക്ഷിച്ചു.
ജൂലൈയിലെ സർക്കാർ ഉത്തരവിലൂടെ കേരള പൊലീസ് അസോസിയേഷൻ പൂർണമായും അവസാനിപ്പിക്കുകയും ബാങ്ക് അക്കൗണ്ടുകളിലെ തുകയും ബാധ്യതകളും മറ്റ് രണ്ട് അസോസിയേഷനുകളിലേക്ക് മാറ്റുകയും ചെയ്തിരുന്നു. അംഗങ്ങളുടെ അനുമതിയില്ലാതെ കേരള പൊലീസ് അസോസിയേഷന്റെ ബൈലോ ലംഘിച്ച് അംഗത്വ മാനദണ്ഡങ്ങളിൽ സർക്കാർ ഇടപെട്ടെന്നും ഇത് സംഘടനാ സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു.




