തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ട സാഹചര്യമുണ്ടാകാമെന്ന് കെഎസ്ഇബി. പവർ എക്സ്ചേഞ്ച് വഴി ആവശ്യമായ അളവിൽ വൈദ്യുതി ലഭ്യമാകാത്തതും ഗ്രിഡ് ഫ്രീക്വൻസി കുറയുന്നതുമാണ് നിയന്ത്രണത്തിന് കാരണം. ഇന്ന് വൈകിട്ട് 6.45 മുതൽ രാത്രി 12 വരെ നിയന്ത്രണം ആവശ്യമായി വന്നേക്കുമെന്നാണ് കെഎസ്ഇബി അറിയിച്ചത്. പവർ എക്സ്ചേഞ്ച് വഴി ആവശ്യമായ വൈദ്യുതി ലഭിക്കുന്ന മുറയ്ക്ക് നിയന്ത്രണം ഒഴിവാക്കാനാകുമെന്നും കെഎസ്ഇബി വ്യക്തമാക്കി.
എൽനിനോ പ്രതിഭാസത്തെ തുടർന്നുണ്ടായ മഴക്കുറവും ഉയർന്ന അന്തരീക്ഷ താപനിലയും കാരണം സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം ഉയർന്ന നിലയിൽ തുടരുകയാണ്. മുൻ വർഷങ്ങളിലെ സെപ്റ്റംബർ മാസത്തെ ആവശ്യകതയെ അപേക്ഷിച്ച് ഇത്തവണ ഉപഭോഗം ഏകദേശം 1200 മെഗാവാട്ട് വരെ ഉയർന്നിട്ടുണ്ട്. സംസ്ഥാനത്ത് മഴ ലഭിക്കുന്നുണ്ടെങ്കിലും വൈദ്യുതി ആവശ്യകതയിൽ കാര്യമായ കുറവുണ്ടായിട്ടില്ല.
ഇന്ന് 600 മുതൽ 800 മെഗാവാട്ട് വരെ വൈദ്യുതി ലഭ്യതക്കുറവ് അനുഭവപ്പെടാൻ സാധ്യതയുണ്ടെന്നാണ് കെഎസ്ഇബി വിലയിരുത്തൽ. മധ്യപ്രദേശിൽ നിന്ന് സ്വാപ്പ് പ്രകാരം ലഭിച്ചിരുന്ന 200 മെഗാവാട്ട് വൈദ്യുതി ഇന്ന് വൈകിട്ട് ആറ് മുതൽ രാത്രി എട്ട് വരെ ലഭ്യമാകില്ല. അതേസമയം, ശ്രമങ്ങളുടെ ഭാഗമായി ഹരിയാനയിൽ നിന്ന് 50 മെഗാവാട്ട് അധിക വൈദ്യുതി ഇന്ന് ലഭ്യമാക്കാൻ കഴിഞ്ഞിട്ടുണ്ട്.
രാജ്യത്താകമാനം വൈദ്യുതി ആവശ്യകത ഉയർന്നതോടെ പവർ എക്സ്ചേഞ്ച് വഴി ലഭിക്കുന്ന വൈദ്യുതിയുടെ അളവിലും കുറവുണ്ടായിട്ടുണ്ട്. ദേശീയ തലത്തിൽ ഗ്രിഡ് കൺട്രോളർ ഓഫ് ഇന്ത്യ അറിയിച്ച 12,000 മെഗാവാട്ടിന്റെ വൈദ്യുതി കുറവ് പൂർണമായി പരിഹരിക്കപ്പെട്ടിട്ടില്ല.
ഓൾ ഇന്ത്യ വൈദ്യുതി ആവശ്യകത 5000 മെഗാവാട്ട് വരെ ഉയരാനും കാറ്റിൽ നിന്നുള്ള വൈദ്യുതി ഉൽപ്പാദനം 5000 മെഗാവാട്ട് വരെ കുറയാനും സാധ്യതയുണ്ടെന്ന് ഗ്രിഡ് ഇന്ത്യ നേരത്തെ അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ പീക്ക് സമയങ്ങളിൽ ഗ്രിഡ് ഫ്രീക്വൻസിയിലും കാര്യമായ കുറവുണ്ടായതായി കെഎസ്ഇബി അറിയിച്ചു.




