തിരുവനന്തപുരം: കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ അവകാശവാദമുന്നയിക്കാൻ കേരള സർവകലാശാലയുടെ തീരുമാനം. നിലവിൽ ഉടമസ്ഥാവകാശം സംബന്ധിച്ച് തർക്കം നിലനിൽക്കുന്ന സ്റ്റേഡിയം സർവകലാശാലയ്ക്ക് തിരികെ നൽകണമെന്ന് സർക്കാരിനോട് ആവശ്യപ്പെടും. സർവകലാശാലയുടെ 35 ഏക്കർ ഭൂമി പാട്ടത്തിനെടുത്താണ് പൊതു-സ്വകാര്യ പങ്കാളിത്ത പദ്ധതിയുടെ ഭാഗമായി സ്റ്റേഡിയം നിർമിച്ചത്.
ഐ.എൽ.ആൻഡ്.എഫ്.എസ്., സംസ്ഥാന സർക്കാർ, കേരള സർവകലാശാല എന്നിവർ തമ്മിലുള്ള ത്രികക്ഷി കരാറിന്റെ അടിസ്ഥാനത്തിലാണ് 2015ൽ ദേശീയ ഗെയിംസിന്റെ ഭാഗമായി കാര്യവട്ടത്ത് സ്റ്റേഡിയം നിർമിച്ചത്. 2012ലാണ് നിർമാണം ആരംഭിച്ചത്. 15 വർഷത്തെ നടത്തിപ്പിന് ശേഷം ഭൂമിയുടെ ഉടമസ്ഥരായ കേരള സർവകലാശാലയ്ക്ക് സ്റ്റേഡിയം തിരികെ നൽകണമെന്നായിരുന്നു കരാറിലെ വ്യവസ്ഥ. അടുത്ത വർഷം കരാർ കാലാവധി പൂർത്തിയാകുന്നതിനാൽ സ്റ്റേഡിയം തിരികെ ലഭിക്കണമെന്നാണ് സർവകലാശാല സെനറ്റിന്റെ ആവശ്യം.
രൂപകൽപ്പന ചെയ്ത് നിർമിച്ച് പരിപാലിച്ച ശേഷം കൈമാറാമെന്ന വ്യവസ്ഥയിലാണ് ഐ.എൽ.ആൻഡ്.എഫ്.എസ്. സ്റ്റേഡിയം നിർമിച്ചത്. ആദ്യം 160 കോടി രൂപയായിരുന്നു നിർമാണച്ചെലവ് കണക്കാക്കിയിരുന്നത്. എന്നാൽ നിർമാണം പൂർത്തിയായപ്പോൾ ചെലവ് 260 കോടി രൂപയായി.
നിർമാണച്ചെലവിന്റെ ഒരു ഭാഗം നിശ്ചിത തുകയായി ഓരോ വർഷവും സർക്കാർ ആന്വിറ്റിയായി നൽകണമെന്നായിരുന്നു വ്യവസ്ഥ. സ്റ്റേഡിയത്തിന്റെ നടത്തിപ്പും പരിപാലനവും ഐ.എൽ.ആൻഡ്.എഫ്.എസ്. വഹിക്കണമെന്നും ധാരണയുണ്ടായിരുന്നു. സ്റ്റേഡിയത്തിൽ നിന്നുള്ള വരുമാനവും നിർമാണച്ചെലവിൽ ഉൾപ്പെടുത്താമെന്നായിരുന്നു കരാർ. എന്നാൽ ഐ.എൽ.ആൻഡ്.എഫ്.എസിന് സർക്കാർ ആന്വിറ്റി ഇനത്തിൽ തുക കൈമാറിയില്ല.
അതേസമയം, സർവകലാശാലയ്ക്ക് ഓരോ വർഷവും ഭൂമിയുടെ വിപണിവിലയുടെ 2.5 ശതമാനം പാട്ടത്തുക നൽകാമെന്നും സർക്കാർ കരാറിലുണ്ടായിരുന്നു. മൂന്നു കക്ഷികൾക്കും സമ്മതമാണെങ്കിൽ പാട്ടക്കാലാവധി 15 വർഷത്തേക്ക് കൂടി നീട്ടാനും വ്യവസ്ഥയുണ്ടായിരുന്നു.
എന്നാൽ 2019ഓടെ ഐ.എൽ.ആൻഡ്.എഫ്.എസ്. സാമ്പത്തിക പ്രതിസന്ധിയിലായതോടെ രാജ്യത്തെ വിവിധ പദ്ധതികളുടെ പ്രവർത്തനം നിലച്ചു. ഇതോടെ കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിന്റെ നടത്തിപ്പും പ്രതിസന്ധിയിലായി.
സ്റ്റേഡിയം ഗ്രൗണ്ടിന്റെ നടത്തിപ്പ് കേരള ക്രിക്കറ്റ് അസോസിയേഷൻ ഏറ്റെടുത്തതോടെ ഗ്രൗണ്ട് മാത്രമാണ് കാര്യമായ രീതിയിൽ പരിപാലിക്കപ്പെട്ടത്. സ്റ്റേഡിയത്തിലെ മറ്റ് അടിസ്ഥാനസൗകര്യങ്ങൾ ക്രമേണ തകരാൻ തുടങ്ങി. സ്റ്റേഡിയത്തോട് അനുബന്ധിച്ചുള്ള വ്യാപാര സംവിധാനങ്ങൾ സ്വകാര്യ വ്യക്തികൾ പാട്ടത്തിനെടുത്ത് നടത്തുന്നുണ്ട്.
പാട്ടത്തുകയായി ലഭിക്കാത്ത തുകയ്ക്കും എട്ട് കോടി നികുതി
കരാർപ്രകാരം കേരള സർവകലാശാലയ്ക്ക് സർക്കാർ നൽകാമെന്ന് പറഞ്ഞിരുന്ന പാട്ടത്തുക ഇതുവരെ ലഭിച്ചിട്ടില്ല. എന്നാൽ പാട്ടത്തുക ലഭിച്ചില്ലെങ്കിലും കരാർപ്രകാരം ലഭിക്കേണ്ട തുകയ്ക്ക് എട്ട് കോടി രൂപ നികുതി അടയ്ക്കണമെന്ന് ജി.എസ്.ടി. വകുപ്പ് സർവകലാശാലയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ലഭിക്കാത്ത പാട്ടത്തുകയ്ക്ക് നികുതി അടയ്ക്കേണ്ടതില്ലെന്നാണ് സർവകലാശാലയുടെ നിലപാട്. നേരത്തെ ജി.എസ്.ടി. വകുപ്പ് നൽകിയ നോട്ടീസിനെതിരെ സർവകലാശാല ഹൈക്കോടതിയിൽ നിന്ന് സ്റ്റേ നേടിയിരുന്നു. എന്നാൽ നികുതി അടയ്ക്കണമെന്ന അനുകൂല ഉത്തരവ് ജി.എസ്.ടി. വകുപ്പ് പിന്നീട് സമ്പാദിച്ചു. ഇതിനെതിരെ അപ്പീൽ നൽകാനാണ് സർവകലാശാലയുടെ തീരുമാനം.




