കല്‍പ്പറ്റ: പ്രായപൂർത്തിയാകാത്ത മകൾക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ പിതാവിന് 63 വർഷം തടവും 3,15,000 രൂപ പിഴയും വിധിച്ച് കോടതി. തൊണ്ടർനാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ രജിസ്റ്റർ ചെയ്ത കേസിലാണ് കൽപ്പറ്റ ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി കെ. ആർ. കൃഷ്ണകുമാർ പ്രതിക്ക് ശിക്ഷ വിധിച്ചത്.
ഐ.പി.സി, പോക്സോ, ജുവനൈൽ ജസ്റ്റിസ് ആക്ട് എന്നിവയിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് ശിക്ഷ. 2023ലാണ് കേസിനാസ്പദമായ സംഭവം. പ്രായപൂർത്തിയാകാത്ത മകൾക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്നും സംഭവം പുറത്തുപറഞ്ഞാൽ ഉപദ്രവിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് കേസ്.
അന്നത്തെ വെള്ളമുണ്ട സ്റ്റേഷൻ എസ്.എച്ച്.ഒ കെ. രാജീവ് കുമാറാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രാഥമിക അന്വേഷണം നടത്തിയ ശേഷം അദ്ദേഹം കേസ് തൊണ്ടർനാട് സ്റ്റേഷൻ ഇൻസ്പെക്ടർ എസ്.എച്ച്.ഒ ഇ. ഷൈജുവിന് കൈമാറി. തുടർന്ന് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചു.
പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ ജി. ബബിത ഹാജരായി.




