ആലപ്പുഴ: ചെന്നിത്തലയിൽ കനാലിലെ വെള്ളം തുറന്നുവിടാത്തത് ചോദ്യം ചെയ്ത വാർഡ് മെമ്പറെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ നാല് പ്രതികൾക്ക് ഏഴ് വർഷം വീതം കഠിനതടവ്. മാവേലിക്കര അഡീഷണൽ ജില്ലാ ആൻഡ് സെഷൻസ് കോടതി മൂന്ന് ജഡ്ജി പി.പി. പൂജയാണ് ശിക്ഷ വിധിച്ചത്.
ഇരമത്തൂർ പരുവത്തറയിൽ മഞ്ഞ എന്ന രമണൻ (53), കുമരേത്ത് ജയചന്ദ്രൻ (42), തോപ്പിൽ രാജീവ് (39), കുട്ടനാട് വെളിയനാട് സ്വദേശി ഷിന്റോ ബാബു (42) എന്നിവരാണ് ശിക്ഷിക്കപ്പെട്ടത്. ഓരോ പ്രതിയും 25,000 രൂപ വീതം പിഴയും അടയ്ക്കണം. പരിക്കേറ്റ വാർഡ് മെമ്പർ ഗോപാലകൃഷ്ണന് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും കോടതി ഉത്തരവിട്ടു.
2019 മാർച്ച് 17ന് ഉച്ചയ്ക്ക് രണ്ടരയോടെ ചെന്നിത്തല മുണ്ടോലിക്കടവിന് സമീപമാണ് സംഭവം. പമ്പാ ഇറിഗേഷൻ പ്രോജക്ടിന്റെ സബ് കനാലിലെ വെള്ളം തുറന്നുവിടുന്ന ചീപ്പ് പഞ്ചായത്ത് തീരുമാനത്തിന് വിരുദ്ധമായി പ്രതികൾ അടച്ചുവെച്ചിരുന്നു. ഇത് തുറന്നുനൽകണമെന്ന് വാർഡ് മെമ്പർ ആവശ്യപ്പെട്ടതിനെ തുടർന്നാണ് ആക്രമണമുണ്ടായതെന്ന് കേസ്.
പ്രതികൾ ഗോപാലകൃഷ്ണനെ തടഞ്ഞുനിർത്തി കൈക്കോടാലി ഉപയോഗിച്ച് ഇടതുകാലിൽ വെട്ടുകയും ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് മർദിക്കുകയും ചെയ്തു. ആക്രമണത്തിൽ കണങ്കാലിന് ഗുരുതരമായി പരിക്കേൽക്കുകയും അസ്ഥി ഒടിയുകയും ചെയ്തിരുന്നു.
ഐപിസിയിലെ 323, 324, 326, 34 വകുപ്പുകൾ പ്രകാരമാണ് പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. മാന്നാർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പൊലീസ് ഇൻസ്പെക്ടർ ജോസ് മാത്യു അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ കെ. സജികുമാർ ഹാജരായി.




