ഗുവാഹത്തി: ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തിൽ വെസ്റ്റ് ഇൻഡീസിന് വെടിക്കെട്ട് തുടക്കം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്യുന്ന വിൻഡീസ് ഒടുവിൽ വിവരം ലഭിക്കുമ്പോൾ 26 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 207 റൺസെന്ന ശക്തമായ നിലയിൽ. ക്യാപ്റ്റൻ ഷായ് ഹോപ്പ് 53 റൺസുമായും അമീർ ജാംഗൂ 31 റൺസുമായും ക്രീസിൽ.
വെടിക്കെട്ട് സെഞ്ചുറി നേടിയ ജോൺ കാംപ്ബെല്ലിന്റെയും 9 റൺസെടുത്ത കീസി കാർട്ടിയുടെയും വിക്കറ്റുകളാണ് വിൻഡീസിന് നഷ്ടമായത്. ഗുർനൂർ ബ്രാറും പ്രസിദ്ധ് കൃഷ്ണയുമാണ് ഇന്ത്യക്കായി വിക്കറ്റ് നേടിയത്.
ഓപ്പണിങ്ങിൽ കാംപ്ബെല്ലും കീസി കാർട്ടിയും ചേർന്ന് മികച്ച തുടക്കമാണ് വിൻഡീസിന് നൽകിയത്. അരങ്ങേറ്റ താരം ആഖിബ് നബിക്കെതിരെ ആക്രമണാത്മക ബാറ്റിങ് പുറത്തെടുത്ത ഇരുവരും ആദ്യ വിക്കറ്റിൽ അഞ്ച് ഓവറിൽ 37 റൺസ് കൂട്ടിച്ചേർത്തു. കീസി കാർട്ടിയെ പുറത്താക്കി പ്രസിദ്ധ് കൃഷ്ണയാണ് ഇന്ത്യക്ക് ആദ്യ ബ്രേക്ക്ത്രൂ നൽകിയത്.
തുടർന്ന് ഷായ് ഹോപ്പും കാംപ്ബെല്ലും ചേർന്ന് വിൻഡീസ് ഇന്നിങ്സിന് വേഗം കൂട്ടി. 29 പന്തിൽ അർധസെഞ്ചുറി പൂർത്തിയാക്കിയ കാംപ്ബെൽ ഇന്ത്യക്കെതിരെ വിൻഡീസ് താരത്തിന്റെ വേഗമേറിയ ഏകദിന അർധസെഞ്ചുറിയെന്ന റെക്കോർഡ് സ്വന്തമാക്കി. 30 പന്തിൽ അർധസെഞ്ചുറി നേടിയ ക്രിസ് ഗെയ്ലിന്റെ റെക്കോർഡാണ് താരം മറികടന്നത്.
പവർ പ്ലേയിൽ വിൻഡീസ് 96 റൺസ് നേടിയതും മത്സരത്തിലെ ശ്രദ്ധേയമായ നേട്ടമായി. ടെസ്റ്റ് പദവിയുള്ള ഒരു ടീമിനെതിരെ വിൻഡീസ് നേടുന്ന ഏറ്റവും ഉയർന്ന പവർ പ്ലേ സ്കോറാണിത്. ഇതിൽ 69 റൺസും കാംപ്ബെല്ലിന്റെ ബാറ്റിൽ നിന്നായിരുന്നു.
65 പന്തിൽ സെഞ്ചുറി പൂർത്തിയാക്കിയ കാംപ്ബെൽ ഇന്ത്യക്കെതിരെ വിൻഡീസ് താരത്തിന്റെ വേഗമേറിയ ഏകദിന സെഞ്ചുറിയെന്ന റെക്കോർഡും സ്വന്തമാക്കി. 1999ൽ ഇന്ത്യക്കെതിരെ റിക്കാർഡോ പവൽ 72 പന്തിൽ നേടിയ സെഞ്ചുറിയുടെ റെക്കോർഡാണ് കാംപ്ബെൽ മറികടന്നത്.
സെഞ്ചുറിക്ക് പിന്നാലെ ഗുർനൂർ ബ്രാറിന്റെ പന്തിൽ നമൻ ധീറിന് ക്യാച്ച് നൽകി കാംപ്ബെൽ പുറത്തായത് ഇന്ത്യക്ക് ആശ്വാസമായി. ആദ്യ ഏകദിനത്തിലും അർധസെഞ്ചുറി നേടിയ കാംപ്ബെൽ മികച്ച ഫോമിലാണ്.




