കണ്ണൂർ: മന്ത്രി ഒ.ജെ. ജനീഷിന്റെ ഔദ്യോഗിക വാഹനത്തിന് നേരെ തളിപ്പറമ്പിലുണ്ടായ ആക്രമണത്തിൽ 14 ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. പൊതുമുതൽ നശിപ്പിക്കൽ, ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തൽ, കലാപശ്രമം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ്. പ്രജീഷ് ബാബു, അക്ഷയ് കെ.കെ., അതുൽരാജ്, സിദ്ധാർഥ് ടി, ബിനിൽ കൃഷ്ണൻ, രമിത് എന്നിവരുൾപ്പെടെ 14 പേർക്കെതിരെയാണ് കേസെടുത്തത്.
മന്ത്രിയുടെ ഔദ്യോഗിക വാഹനത്തിന് നാശനഷ്ടം വരുത്തിയെന്നാണ് എഫ്ഐആറിലെ ആരോപണം. വാഹനത്തിലെ ഫ്ലാഗ് പോസ്റ്റ് ഒടിച്ചതിലൂടെ 2,000 രൂപയുടെ നഷ്ടമുണ്ടായതായും എഫ്ഐആറിൽ പറയുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.




