ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം ശക്തമാക്കുമെന്ന് സിജെപി സ്ഥാപകൻ അഭിജീത് ദീപ്‌കെ. ഗ്യാനേഷ് കുമാർ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ സ്ഥാനം രാജിവെക്കുന്നതുവരെ സമരം തുടരുമെന്ന് അദ്ദേഹം പറഞ്ഞു. ഗ്യാനേഷ് കുമാറിനെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്നും എസ്‌ഐആർ പിൻവലിക്കണമെന്നും അഭിജീത് ദീപ്‌കെ ആവശ്യപ്പെട്ടു.
ഒക്ടോബർ രണ്ട് മുതൽ തെരഞ്ഞെടുപ്പ് കമ്മിഷനെതിരെ രാജ്യവ്യാപക പ്രതിഷേധം ആരംഭിക്കാനാണ് സിജെപിയുടെ തീരുമാനം. ‘സേവ് ഡെമോക്രസി മാർച്ച്’ ഉൾപ്പെടെയുള്ള പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. ദേശീയപതാകയും ഗാന്ധിജിയുടെ ചിത്രം ആലേഖനം ചെയ്ത വസ്ത്രങ്ങളും ധരിച്ചാണ് പ്രതിഷേധത്തിൽ പങ്കെടുക്കേണ്ടതെന്നും പാർട്ടി ആഹ്വാനം ചെയ്തിട്ടുണ്ട്.
എസ്‌ഐആർ പിൻവലിക്കുന്നതിന് സുപ്രീംകോടതി വിധി വരുന്നതുവരെ കാത്തിരിക്കേണ്ടതില്ലെന്നും അഭിജീത് ദീപ്‌കെ പറഞ്ഞു. എസ്‌ഐആർ നടപടിയുമായി ബന്ധപ്പെട്ട് സുപ്രീംകോടതിക്കും തെറ്റ് സംഭവിച്ചിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ശിവാജി പാർക്കിൽ രാഷ്ട്രീയ പരിപാടികൾ നടത്താൻ അനുമതി നൽകുന്ന സാഹചര്യത്തിൽ സിജെപിയുടെ പ്രതിഷേധത്തിന് എന്തുകൊണ്ട് അനുമതി നൽകുന്നില്ലെന്നും അദ്ദേഹം ചോദിച്ചു.
മുംബൈയിൽ നടത്താനിരിക്കുന്ന പ്രതിഷേധത്തിന് ഇതുവരെ അധികൃതരുടെ അനുമതി ലഭിച്ചിട്ടില്ലെന്നും ദീപ്‌കെ വ്യക്തമാക്കി. മുംബൈ പൊലീസ് മികച്ച സേനകളിലൊന്നാണെന്നും ഡൽഹി പൊലീസിൽനിന്ന് വ്യത്യസ്തമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സിജെപിക്ക് രാഷ്ട്രീയത്തിലേക്ക് നേരിട്ട് ഇറങ്ങാൻ ഉദ്ദേശമില്ലെന്നും അഭിജീത് ദീപ്‌കെ പറഞ്ഞു. രാജ്യത്തിനായി പോരാടുകയാണ് ലക്ഷ്യമെന്നും എല്ലാ പ്രശ്നങ്ങൾക്കുമുള്ള ഉത്തരവും പരിഹാരവും തങ്ങളുടെ പക്കലില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സിജെപിയെ രാഷ്ട്രീയ പാർട്ടിയായി രജിസ്റ്റർ ചെയ്യാൻ അനുവദിക്കില്ലെന്നും രജിസ്റ്റർ ചെയ്താൽ കേന്ദ്ര അന്വേഷണ ഏജൻസികളുടെ നടപടികൾ നേരിടേണ്ടിവരുമെന്നും പിന്നീട് പാർട്ടിയെ പിന്തുണയ്ക്കുന്നവരെ വോട്ടർപട്ടികയിൽനിന്ന് നീക്കം ചെയ്യാൻ ശ്രമങ്ങളുണ്ടാകുമെന്നും അദ്ദേഹം ആരോപിച്ചു.




