പ്രോട്ടീൻ, ഇരുമ്പ്, കാൽസ്യം, ധാരാളം നാരുകൾ തുടങ്ങിയ പോഷകങ്ങൾ അടങ്ങിയ റാഗി ധൈര്യമായി സ്ഥിരിമായി ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്നതാണ്. ദോശ, പുട്ട്, ഇഡ്ലി, റൊട്ടി തുടങ്ങിയ പലതരം വിഭവങ്ങൾ റാഗി കൊണ്ട് തയ്യാറാക്കാം.
എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് കാൽസ്യം ആവശ്യമാണ്. കുട്ടികളുടെ വളർച്ചാകാലത്തും പ്രായമായവരിൽ എല്ലുകളുടെ ആരോഗ്യം നിലനിർത്തുന്നതിനും കാൽസ്യം അടങ്ങിയ ഭക്ഷണങ്ങൾ പ്രധാനമാണ്. മറ്റ് പല ധാന്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ റാഗിയിൽ കാൽസ്യം കൂടുതലാണ്.
റാഗിയിൽ നാരുകൾ അടങ്ങിയിരിക്കുന്നതിനാൽ ദഹനപ്രക്രിയയെയും ഭക്ഷണത്തിന് ശേഷമുള്ള രക്തത്തിലെ പഞ്ചസാരയുടെ വർധനയെയും സ്വാധീനിക്കാം. റാഗിയിലെ കാർബോഹൈഡ്രേറ്റുകളും രക്തത്തിലെ ഗ്ലൂക്കോസിനെ സ്വാധീനിക്കും. അതിനാൽ പ്രമേഹമുള്ളവർ റാഗി തയ്യാറാക്കുമ്പോൾ പഞ്ചസാരയോ ശർക്കരയോ അമിതമായി ചേർക്കാതിരിക്കുക.
ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർക്ക് ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താവുന്ന ധാന്യമാണ് റാഗി. ഇതിൽ അടങ്ങിയിരിക്കുന്ന നാരുകൾ വയർ നിറഞ്ഞതായി തോന്നാൻ സഹായിക്കുന്നു. ഇത് വിശക്കുന്നതും അമിതമായി ഭക്ഷണം കഴിക്കുന്നതും കുറയ്ക്കാൻ സഹായിക്കും.



