തിരുവനന്തപുരം: സ്വത്ത് തർക്കത്തിന്റെ പേരിൽ വീട്ടമ്മയെ ഭർത്താവിന്റെ സഹോദരന്മാരും സഹോദരന്റെ ഭാര്യയും ചേർന്ന് കൊലപ്പെടുത്തിയെന്ന കേസിൽ നാല് പ്രതികളെയും കോടതി വെറുതേവിട്ടു. വർക്കല അയിരൂർ കളത്തറ എം.എസ്. വില്ലയിൽ താമസിച്ചിരുന്ന ലീനാമണി (53) കൊല്ലപ്പെട്ട കേസിലാണ് തിരുവനന്തപുരം ആറാം അഡീഷണൽ ജില്ലാ സെഷൻസ് കോടതി വിധി പ്രസ്താവിച്ചത്.
2023 ജൂലൈ 16-നാണ് ലീനാമണി കൊല്ലപ്പെട്ടത്. സംഭവത്തിൽ വീട്ടുജോലിക്കാരി സരസുവിനും പരിക്കേറ്റിരുന്നു. ലീനാമണിയുടെ ഭർത്താവ് ഷാൻ എന്ന സിയാദിന്റെ സഹോദരന്മാരായ കളത്തറ ഷഹ്ന മൻസിലിൽ ഷാജി (46), അയിരൂർ എസ്.എൻ. വില്ലയിൽ അബ്ദുൽ അഹദ് (42), കളത്തറ സെയ്യദലി ഹൗസിൽ മുഹ്സിൻ (52), അഹദിന്റെ ഭാര്യ റഹീന (34) എന്നിവരാണ് കേസിലെ പ്രതികൾ.
സിയാദിന്റെ പേരിലുള്ള സ്വത്ത് കൈവശപ്പെടുത്തുന്നതിനായി പ്രതികൾ ഗൂഢാലോചന നടത്തുകയും ആയുധങ്ങൾ ഉപയോഗിച്ച് ലീനാമണിയെ മർദിച്ച് കൊലപ്പെടുത്തുകയുമായിരുന്നുവെന്നാണ് പ്രോസിക്യൂഷൻ കേസ്. ലീനാമണിക്കൊപ്പം പരിക്കേറ്റ വീട്ടുജോലിക്കാരി സരസുവായിരുന്നു കേസിലെ പ്രധാന ദൃക്സാക്ഷി. സംഭവസ്ഥലത്ത് അബോധാവസ്ഥയിൽ കണ്ടെത്തിയ ലീനാമണിയെയും സരസുവിനെയും അയൽവാസികൾ വർക്കല മിഷൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ലീനാമണി പിന്നീട് മരിച്ചു. തുടർന്ന് ബന്ധുക്കളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
സാക്ഷിമൊഴികളിലെ വൈരുദ്ധ്യങ്ങളും പ്രധാനപ്പെട്ട തെളിവുകളുടെ അഭാവവും പ്രതിഭാഗം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. വീട്ടുജോലിക്കാരി സരസുവിന്റെ മൊഴിയിലും വ്യക്തതയില്ലെന്ന് പ്രതിഭാഗം വാദിച്ചു. സാക്ഷിമൊഴി വിശ്വാസത്തിലെടുക്കാൻ കഴിയില്ലെന്ന് കോടതി കണ്ടെത്തുകയായിരുന്നു.
ഭർത്താവിന്റെ സ്വത്ത് കൈവശപ്പെടുത്താനാണ് കൊലപാതകം നടത്തിയതെന്ന പ്രോസിക്യൂഷൻ വാദത്തെയും പ്രതിഭാഗം ചോദ്യം ചെയ്തു. സിയാദിന് സ്വന്തമായി സ്വത്തൊന്നുമില്ലെന്ന വാദം കോടതി അംഗീകരിച്ചു. പ്രതികൾക്കെതിരായ കുറ്റം തെളിയിക്കുന്ന മതിയായ തെളിവുകൾ പ്രോസിക്യൂഷന് ഹാജരാക്കാൻ കഴിഞ്ഞില്ലെന്ന് പ്രതിഭാഗം അഭിഭാഷകൻ അറിയിച്ചു. തുടർന്നാണ് നാല് പ്രതികളെയും കുറ്റക്കാരല്ലെന്ന് കണ്ട് കോടതി വെറുതേവിട്ടത്.




