Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഒന്നടങ്കം ഞെട്ടി കോൺ​ഗ്രസ്, മുഖ്യമന്ത്രിയോട് യുദ്ധത്തിനുറച്ച അടൂർ പ്രകാശിന്റേത് ഒറ്റപ്പെട്ട ശബ്ദമല്ല, വിഡി സതീശനെതിരെ പടയൊരുക്കം ശക്തം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മുഖ്യമന്ത്രി വിഡി സതീശനെതിരായ യുഡിഎഫ് കൺവീനർ അടൂർ പ്രകാശിന്റെ പൊട്ടിത്തെറിയിൽ ഞെട്ടിയത് രാഷ്ട്രീയ കേരളം മാത്രമല്ല, കോൺ​ഗ്രസ് ഹൈക്കമാൻഡ് ഒന്നടങ്കമാണ്. അടൂര്‍ പ്രകാശ് കെപിസിസി ആസ്ഥാനത്ത് വാര്‍ത്താസമ്മേളനം വിളിച്ച് മുഖ്യമന്ത്രിയെ പരസ്യമായി വിമര്‍ശിച്ചതോടെയാണ് സര്‍ക്കാരിലും മുന്നണിയിലും പുകഞ്ഞു കത്തിയിരുന്ന അതൃപ്തി പരസ്യമായ പൊട്ടിത്തെറിയിലേക്ക് നീങ്ങിയത്. മുതിര്‍ന്ന നേതാക്കളെ വകവെക്കാതെ പോകുന്ന സതീശന്റെ ശൈലിയിലാണ് എതിര്‍പ്പ്. സതീശനെതിരെ പാര്‍ട്ടിയിലെയും മുന്നണിയിലെയും മുതിര്‍ന്ന നേതാക്കള്‍ ഒന്നിക്കുന്ന കാഴ്ച്ച ഒന്ന് ശ്രദ്ധിച്ചാൽ വ്യക്തമായി കാണാം. പരസ്യമായി പറഞ്ഞത് അടൂര്‍ പ്രകാശ് ആണെങ്കിലും ഈ ശബ്ദം ഒറ്റപ്പെട്ടതല്ല.

വിഡി സതീശന്‍ മുഖ്യമന്ത്രിയായി അധികാരം ഏറ്റെടുത്ത് നാല് മാസത്തിനുള്ളില്‍ തന്നെ കോണ്‍ഗ്രസിനുള്ളിലെ വിയോജിപ്പുകള്‍ യുഡിഎഫ് സര്‍ക്കാരിന് വലിയ വെല്ലുവിളിയാകുകകയാണ്. മുഖ്യമന്ത്രി സതീശനെതിരെ യുഡിഎഫ് കണ്‍വീനര്‍ പരസ്യമായി രംഗത്തുവന്നത് പാര്‍ട്ടിയിലെ ആഭ്യന്തര ഭിന്നത വീണ്ടും മറനീക്കി പുറത്തുകൊണ്ടുവന്നിരിക്കുകയാണ്. താൻ പറഞ്ഞതെല്ലാം തന്റെ അനുഭവങ്ങളുടെ അടിസ്ഥാനത്തിലായിരുന്നുവെന്നും വിമർശന ചേരിയിൽ താൻ ഒറ്റയ്ക്ക് ആയാലും പറഞ്ഞതിൽ ഉറച്ച് നിൽക്കുന്നുവെന്നുമാണ് രണ്ടാം ദിവസവും അടൂർ പ്രകാശ് നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

പുതിയ സർക്കാർ ഭരണത്തിലേറി നാലാം മാസം തന്നെ അതേ മുന്നണിയുടെ കൺവീനർ മുഖ്യമന്ത്രിക്കെതിരെ പത്രസമ്മേളനം വിളിച്ചുകൂട്ടുക എന്ന അസാധാരണ സംഭവവികാസങ്ങൾക്കാണ് കോൺ​ഗ്രസും കേരളവും സാക്ഷിയാകുന്നത്. വി.ഡി. സതീശന്റെ ഏകാധിപത്യ ശൈലിക്കെതിരെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെയും സംസ്ഥാന നേതൃത്വത്തെയും ഒരേപോലെ നിലപാടറിയിക്കാനാണ് എതിര്‍വിഭാഗത്തിന്റെ തീരുമാനം. ഇതിനെ പ്രതിരോധിക്കാൻ സതീശൻ അനുയായികളും അണിയറയിൽ ഒരുക്കങ്ങൾ നടത്തുന്നുണ്ട്.

മുഖ്യമന്ത്രിയെ ലക്ഷ്യമിട്ടുള്ള വലിയ നീക്കങ്ങളുടെ ഭാഗമായാണ് അടൂര്‍ പ്രകാശിന്റെ ചോദ്യം ചെയ്യലിനെ ഒരു വിഭാഗം നേതാക്കള്‍ കാണുന്നത്. എംകെ മുനീറിനെ കാബിനറ്റ് പദവിയോടെ ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനായും, ഫോര്‍വേഡ് ബ്ലോക്ക് ദേശീയ ജനറല്‍ സെക്രട്ടറി ജി ദേവരാജനെ ന്യൂഡല്‍ഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായും നിയമിച്ച തീരുമാനമാണ് അടൂര്‍ പ്രകാശിന്റെ പെട്ടെന്നുള്ള പ്രതികരണത്തിന് കാരണം. എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിനോട് ആഭിമുഖ്യം പുലര്‍ത്തുന്ന നേതാക്കളും മന്ത്രിമാരും, തീരുമാനങ്ങള്‍ ഏകപക്ഷീയമായി കൈക്കൊള്ളുന്നതില്‍ അതൃപ്തരാണ്. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും സര്‍ക്കാരുമായി അകലം പാലിക്കുന്നുവെന്ന തരത്തിലും റിപ്പോർട്ടുകൾ വരുന്നുണ്ട്.

കാബിനറ്റ് പദവി ഉള്‍പ്പെടെയുള്ള തീരുമാനങ്ങള്‍ സംബന്ധിച്ച് തന്നെ നേരത്തെ അറിയിച്ചില്ലെന്ന അടൂർ പ്രകാശിന്റെ പരാതിയിൽ അർത്ഥങ്ങളേറെയുണ്ട്. UDFൽ നടക്കുന്നത് വിഡി സതീശന്റെ ഏകാധിപത്യ ഭരണമാണെന്ന് പറയാതെ തന്നെ പറയുകയാണ് അടൂർ പ്രകാശ്. യുഡിഎഫ് യോഗം ചേരാന്‍ കഴിയാത്തതിനാല്‍ പല വിഷയങ്ങളും മുന്നണിക്കുള്ളില്‍ ചര്‍ച്ച ചെയ്യാന്‍ സാധിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ക്യാബിനറ്റ് പദവിയുമായി ബന്ധപ്പെട്ട തീരുമാനങ്ങളാണ് എരിഞ്ഞ് നിന്നിരുന്ന അതൃപ്തി ഇങ്ങനെ പരസ്യമാക്കാൻ അടൂർ പ്രകാശിനെ നിർബന്ധിതനാക്കിയത്. എംകെ മുനീറിനെ ഭരണപരിഷ്കാര കമ്മീഷൻ ചെയർമാനായും ഓൾ ഇന്ത്യ ഫോർവേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറിയായ ജി. ദേവരാജനെ ന്യൂഡൽഹിയിൽ കേരള സർക്കാരിന്റെ പ്രത്യേക പ്രതിനിധിയായി നിയമിക്കാൻ തീരുമാനിച്ചതും കഴിഞ്ഞ ദിവസമായിരുന്നു. എന്നാൽ ഇക്കാര്യം മുന്നണി കൺവീനറടക്കം അറിയുന്നത് മാധ്യമങ്ങളിലൂടെയാണെന്ന് പറയുമ്പോൾ UDFൽ യാതൊരു വിധത്തിലും ചർച്ചകളും കൂടിയാലോചനകളും നടക്കുന്നില്ല എന്ന് വ്യക്കമാകും.

പാര്‍ട്ടിയില്‍ കൂടിയാലോചനകള്‍ നടക്കുന്നില്ലെന്ന് രാഷ്ട്രീയകാര്യ സമിതിയിലെ ഒരു മുതിര്‍ന്ന അംഗം ആരോപിക്കുന്നു. 63 എംഎല്‍എമാരുള്ള കോണ്‍ഗ്രസ് കാബിനറ്റ് പദവികള്‍ മുഴുവന്‍ ഘടകകക്ഷികള്‍ക്ക് മുന്നില്‍ പണയം വെക്കുകയാണെന്നും കുറഞ്ഞത് ഒരു കാബിനറ്റ് പദവിയെങ്കിലും കോണ്‍ഗ്രസിന് ലഭിക്കുമെന്ന് കരുതിയ മുതിര്‍ന്ന നേതാക്കള്‍ക്ക് അതൃപ്തിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇതിനൊപ്പം ചേർത്ത് വായിക്കേണ്ടതാണ് വിഷയത്തിൽ ബിജെപി നടത്തുന്ന പ്രചാരണങ്ങൾ. എംകെ മുനീറിന്റെ ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ സ്ഥാനം ലീ​ഗിന് സതീശന്റെ സമ്മാനമാണെന്നാണ് വി മുരളീധരൻ എംഎൽഎ അടക്കം ആരോപിക്കുന്നത്. ആറ് മന്ത്രിമാരെ കൊടുക്കാൻ കഴിയാതെ വന്നതോടെ ക്യാബിനറ്റ് റാങ്കോടെയുള്ള മറ്റൊരു പദവി കൊടുത്ത് ലീ​ഗിനെ സന്തോഷിപ്പിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നായിരുന്നു വി മുരളീധരന്റെ ആരോപണം. വിഷയത്തിൽ മുന്നണിക്കുള്ളിൽ യാതൊരു വിധ കൂടിയാലോചനകളും നടത്താതെ മുഖ്യമന്ത്രി തന്നെ ഇക്കാര്യം തീരുമാനിച്ചു എന്ന് പറയുമ്പോൾ ബിജെപിയുടെ ഈ ആരോപണത്തിൽ കഴമ്പില്ലാതെയില്ല എന്ന തിരിച്ചറിവിലേക്കാണ് കാര്യങ്ങൾ വിരൽ ചൂണ്ടുന്നത്.

കഴിഞ്ഞ പിണറായി വിജയന്‍ സര്‍ക്കാരിന്റെ കാലത്ത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ച അതേ ‘ഏകപക്ഷീയ തീരുമാനങ്ങളും കൂടിയാലോചനയില്ലായ്മയും’ യുഡിഎഫ് സര്‍ക്കാരും എന്തിന് തുടരുന്നുവെന്ന ചോദ്യമാണ് മുതിര്‍ന്ന നേതാക്കള്‍ ഉയര്‍ത്തുന്നത്. വീര്യം കുറഞ്ഞ മദ്യം, കരിമണല്‍ ഘനനം, പിഎം ശ്രീ തുടങ്ങിയ വിഷയങ്ങളിലെല്ലാം മുഖ്യമന്ത്രി സ്വന്തം നിലയില്‍ തീരുമാനവുമായി മുന്നോട്ടു പോകുന്നു എന്നാണ് വിമര്‍ശനം.

പാര്‍ട്ടിയിലുണ്ടായ ഈ തര്‍ക്കങ്ങളില്‍ കെസി വേണുഗോപാല്‍ മൗനം തുടരുമ്പോള്‍, ഹൈക്കമാന്‍ഡ് വിഷയത്തില്‍ ഇടപെടണമെന്ന് ചില നേതാക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കെപിസിസി പ്രസിഡന്റും യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റും മന്ത്രിമാരായതിനാല്‍ സംഘടനാപരമായ കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നില്ലെന്നും, പാര്‍ട്ടിയില്‍ കാര്യമായ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ലെന്നുമാണ് വിമര്‍ശനം. മുന്നണി കൺവീനറെ മുന്നിൽ നിർത്തി ഗ്രൂപ്പടിസ്ഥാനത്തിൽ നടത്തിയ സംഘടിത നീക്കമാണിതെന്ന് കരുതാനാകില്ല. എന്നാൽ, കലക്കവെള്ളത്തിൽ മീൻപിടിക്കാൻ കാത്തിരിക്കുന്ന വിഭാഗങ്ങൾ അദ്ദേഹത്തെ പരോക്ഷമായി പിന്തുണയ്ക്കുന്നു. ബി.ജെ.പി.യുമായും സി.പി.എമ്മുമായും കോൺഗ്രസ് തെരുവിൽ ഏറ്റുമുട്ടിനിൽക്കുന്ന ദിവസംതന്നെ കെ.പി.സി.സി. ഓഫീസിൽ പത്രസമ്മേളനം നടത്തിയതും ശ്രദ്ധേയമായി.

അതേസമയം, വി.ഡി. സതീശനെ പിന്തുണയ്ച്ചും നേതാക്കൾ രം​ഗത്തെത്തുന്നുണ്ട്. അടൂര്‍ പ്രകാശ് ഇത്തരം പരസ്യ വിമര്‍ശനങ്ങള്‍ ഒഴിവാക്കണമായിരുന്നുവെന്നും ഇത് പ്രതിപക്ഷത്തിന് ആയുധമാകുമെന്നുമാണ് ഇവരുടെ നിലപാട്. മന്ത്രിമാരായ കെ മുരളീധരനും റോജി എം ജോണും മുഖ്യമന്ത്രിയെ പിന്തുണച്ച് രംഗത്തെത്തി. എല്ലാ സര്‍ക്കാര്‍ തീരുമാനങ്ങളും ആവശ്യമായ ചര്‍ച്ചകള്‍ക്ക് ശേഷമാണ് കൈക്കൊള്ളുന്നതെന്ന് കെ മുരളീധരന്‍ പറഞ്ഞു. അടൂര്‍ പ്രകാശിന്റെ ആരോപണങ്ങള്‍ സതീശന്റെ പ്രതിച്ഛായ തകര്‍ക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്നാണ് അദ്ദേഹത്തോടടുത്ത കേന്ദ്രങ്ങള്‍ വിശേഷിപ്പിക്കുന്നത്.

നയപരമായ കാര്യങ്ങളിൽ മുന്നണിയുടെ അംഗീകാരത്തോടെയേ മുന്നോട്ടുപോകൂവെന്ന് മുഖ്യമന്ത്രി കഴിഞ്ഞ യോഗത്തിൽ വ്യക്തമാക്കിയിരുന്നു. അത്തരം ചർച്ചയുണ്ടാകുന്നില്ലെന്നാണ് കൺവീനർ കുറ്റപ്പെടുത്തുന്നത്.

എംകെ മുനീറിനും ജി ദേവരാജനും പിന്നാലെ കേരള കോണ്‍ഗ്രസ് നേതാവ് പിജെ ജോസഫിനെ മുതിര്‍ന്ന പൗരന്മാരുടെ കമ്മീഷന്‍ ചെയര്‍മാനാക്കാനും, കെഡിപി നേതാവ് മാണി സി കാപ്പന് നോര്‍ക്ക-റൂട്ട്‌സ് വൈസ് ചെയര്‍മാന്‍ പദവി നല്‍കാനും ആലോചനയുണ്ട്. എന്നാല്‍ അടൂര്‍ പ്രകാശിന്റെ പരസ്യ വിമര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍, ഇനിവരുന്ന കാബിനറ്റ് പദവി നിയമനങ്ങള്‍ യുഡിഎഫില്‍ കൃത്യമായ ചര്‍ച്ചകള്‍ക്ക് ശേഷം മാത്രമേ തീരുമാനിക്കൂ എന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

അഡ്വക്കേറ്റ് ജനറൽ മുതൽ അക്കാദമികളിൽവരെ നടന്ന നിയമനങ്ങളിലും ആലോചന നടന്നില്ലെന്ന് വിമർശനമുണ്ട്. ഇതിന്റെയെല്ലാം ബഹിർസ്ഫുരണമാണ് അടൂർ പ്രകാശിലൂടെ പുറത്തുവന്നത്. കൂടിയാലോചനകളില്ലാതെ മുന്നോട്ടുപോകുന്നതിനെ മുളയിലേ നുള്ളണമെന്ന താത്പര്യം ഈ നീക്കത്തിനു പിന്നിലുണ്ട്. ഇനി കെസി അടങ്ങുന്ന ഹൈക്കമാൻഡ് ഈ വിഷയത്തെ എങ്ങനെ കൈകാര്യം ചെയ്യുമെന്ന് വരും ദിവസങ്ങളിൽ കണ്ടറിയാം.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix