തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനെ പരസ്യമായി വിമർശിച്ച യുഡിഎഫ് കൺവീനർ അടൂർ പ്രകാശിനെ പരോക്ഷമായി വിമർശിച്ച് കെപിസിസി ജനറൽ സെക്രട്ടറി ബിആർഎം ഷരീഫ്. കെപിസിസി ആസ്ഥാനത്ത് നടത്തിയ വാർത്താസമ്മേളനവുമായി ബന്ധപ്പെട്ടാണ് ഷരീഫിന്റെ പ്രതികരണം.
‘അതിവേഗത്തിൽ ശരിയായ ദിശയിൽ പറക്കുന്ന വിമാനത്തിലെ മെയിൻ പൈലറ്റിനെ സഹപൈലറ്റ് കൂടെയിരുന്ന് കുത്തി വിമാനം തകർക്കാൻ ശ്രമിക്കുന്നതുപോലെയാണ് വാർത്താസമ്മേളനം’ എന്നാണ് ബിആർഎം ഷരീഫ് കുറിച്ചത്.
അടുത്ത കാലത്തൊന്നും യുഡിഎഫ് യോഗം ചേർന്നിട്ടില്ലെന്നും അതിന് മുഖ്യമന്ത്രി മുൻകൈ എടുക്കണമെന്നും അടൂർ പ്രകാശ് നേരത്തെ പറഞ്ഞിരുന്നു. ഉപതെരഞ്ഞെടുപ്പിൽ ഏകോപനക്കുറവുണ്ടായെന്നും പല കാര്യങ്ങളും ചർച്ചയോ കൂടിയാലോചനയോ ഇല്ലാതെ തീരുമാനിക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചിരുന്നു. അർഹരായവർക്ക് സ്ഥാനങ്ങൾ ലഭിക്കണമെന്നും ഇക്കാര്യങ്ങളിലുള്ള അതൃപ്തി നേതൃത്വത്തെ അറിയിക്കുമെന്നും അടൂർ പ്രകാശ് വ്യക്തമാക്കിയിരുന്നു.
തന്റെ വിമർശനം സ്വന്തം അനുഭവത്തിന്റെ അടിസ്ഥാനത്തിലാണെന്നും ആരുടെയും പിന്തുണ തേടിയിട്ടില്ലെന്നും അടൂർ പ്രകാശ് പിന്നീട് പറഞ്ഞു. നാല് മാസത്തിനിടെ യുഡിഎഫ് യോഗം ഒരിക്കൽ മാത്രമാണ് ചേർന്നതെന്നും താൻ പറഞ്ഞ കാര്യങ്ങളിൽ ഉറച്ചുനിൽക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. പരാതി നേരിട്ട് എഐസിസിയെ അറിയിക്കുമെന്നും അറിയിച്ചു.
അതേസമയം, അടൂർ പ്രകാശ് പരാതി ഉന്നയിക്കാനിടയായ സാഹചര്യം എഐസിസി പരിശോധിക്കും. കെപിസിസി ആസ്ഥാനത്ത് വാർത്താസമ്മേളനം നടത്തി മുഖ്യമന്ത്രിയെ വിമർശിച്ച നടപടി നേതൃത്വത്തിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷി വിഷയം പരിശോധിച്ച് നേതൃത്വത്തെ അറിയിക്കും. പാർട്ടിയും സർക്കാരും തമ്മിലുള്ള ഏകോപനക്കുറവ് സംബന്ധിച്ച കാര്യങ്ങൾ ദീപ ദാസ് മുൻഷി നേരത്തെ ഹൈക്കമാൻഡിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നതായും സൂചനയുണ്ട്.




