തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കേരളത്തിലെത്തുമ്പോൾ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പൂമാല തയ്യാറാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹമറിയാതെയാണ് ആരോ കരിങ്കൊടി കാണിച്ചതെന്നും പരിഹസിച്ച് സിപിഐഎം നേതാവ് പി. രാജീവ്. പ്രധാനമന്ത്രിക്കും ബിജെപിക്കും ഏറ്റവും പ്രിയപ്പെട്ട മുഖ്യമന്ത്രിമാരിൽ ഒരാളാണ് സതീശനെന്നും രാജീവ് ആരോപിച്ചു.
വന്ദേമാതരം പൂർണമായും ആലപിക്കുന്ന സംസ്ഥാനമാണ് കേരളമെന്നും നീറ്റ് സമരത്തിൽ സമരക്കാർക്കെതിരെ കേസെടുത്ത ഏക ബിജെപി ഇതര സർക്കാർ കേരളത്തിലാണെന്നും പി. രാജീവ് പറഞ്ഞു. ബിജെപിക്ക് മുന്നിൽ ‘നല്ല കുട്ടി’യായി നിൽക്കുന്ന ആളാണ് വി.ഡി. സതീശനെന്നും അദ്ദേഹം വിമർശിച്ചു.
യുഡിഎഫിലെ ഐക്യം നഷ്ടപ്പെട്ടെന്നും ‘ടീം യുഡിഎഫ്’ എന്നൊന്ന് ഇപ്പോഴില്ലെന്നും സിപിഐഎം നേതാവ് വി.എൻ. വാസവനും ആരോപിച്ചു. യുഡിഎഫ് കൺവീനറുടെ പരസ്യ പ്രതികരണം മുന്നണിയിലെ ഭിന്നതയുടെ ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി സ്വന്തം താൽപര്യപ്രകാരമാണ് കാര്യങ്ങൾ ചെയ്യുന്നതെന്നും സ്വന്തം പാർട്ടിയിൽ പോലും അദ്ദേഹത്തിന് പിന്തുണയില്ലെന്നും വാസവൻ ആരോപിച്ചു.
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് ഹോസ്റ്റലിലേക്ക് അതിക്രമിച്ച് കയറാൻ പൊലീസ് നടത്തിയ നടപടി മുഖ്യമന്ത്രിയുടെ താൽപര്യപ്രകാരമാണെന്നും പി. രാജീവ് ആരോപിച്ചു. പൊലീസ് ക്രൂരതയാണ് കാട്ടിയതെന്നും നേതൃത്വം അറിയാതെ ഇത്തരം നടപടികൾ ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തിൽ നടപടി സ്വീകരിക്കണമെന്നും രാജീവ് ആവശ്യപ്പെട്ടു.
പൊലീസ് നടപടിക്കെതിരെ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവും രൂക്ഷ വിമർശനം ഉന്നയിച്ചു. രണ്ട് കൈകൾക്കും പരിക്കേറ്റ വിദ്യാർഥിയെ ക്യാമ്പസിൽ കയറി അറസ്റ്റ് ചെയ്തത് എന്തിനാണെന്ന് പൊലീസ് വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
സംഘർഷത്തിന് തുടക്കമിട്ടത് ആരാണെന്നതിൽ ക്രൈം ബ്രാഞ്ച് റിപ്പോർട്ട് നൽകിയിട്ടുണ്ടെന്നും യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആദ്യം തീപ്പന്തം എറിഞ്ഞതായും സഞ്ജീവ് ആരോപിച്ചു. എസ്എഫ്ഐ പ്രവർത്തകരെ തെരഞ്ഞുപിടിച്ച് അറസ്റ്റ് ചെയ്യുകയാണെന്നും കൊടി പിടിച്ചതിന്റെ പേരിൽ വിദ്യാർഥികളെ ആക്രമിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കന്റോൺമെന്റ് എസ്ഐ ഗോകുൽ ഒരാളെ 30 തവണ മർദിച്ചെന്ന ആരോപണവും സഞ്ജീവ് ഉന്നയിച്ചു. എസ്എഫ്ഐ പ്രവർത്തകന്റെ അറസ്റ്റിൽ പ്രതിഷേധം തുടരുമെന്നും പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുന്നതുവരെ സമരം അവസാനിപ്പിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അറസ്റ്റിലായ വിദ്യാർഥിക്ക് അടിയന്തരമായി ചികിത്സ നൽകണമെന്നും സഞ്ജീവ് ആവശ്യപ്പെട്ടു.




