പത്തനംതിട്ട: വീട്ടിലെ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് അപകടം. തിരുവല്ല നിരണത്ത് ഉച്ചയോടെയായിരുന്നു സംഭവം. ജോസ് എന്നയാളുടെ വീട്ടിലാണ് ഫ്രിഡ്ജ് പൊട്ടിത്തെറിച്ചത്. സംഭവസമയം ജോസിന്റെ മകൻ മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്.
അടുക്കളയോട് ചേർന്നുള്ള മുറിയിലായിരുന്നു ഫ്രിഡ്ജ് സ്ഥാപിച്ചിരുന്നത്. പൊട്ടിത്തെറിയിൽ മുറിയുടെ ഭിത്തിക്ക് ഉൾപ്പെടെ കേടുപാടുകൾ സംഭവിച്ചു. മേൽക്കൂരയും മുറിയിലുണ്ടായിരുന്ന മറ്റ് ഉപകരണങ്ങളും കത്തിനശിച്ചു. രണ്ട് മുറികൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
അടുക്കളയിൽ ഗ്യാസ് സിലിണ്ടർ സൂക്ഷിച്ചിരുന്ന ഭാഗത്തേക്ക് തീ പടരാതിരുന്നത് വലിയ അപകടം ഒഴിവാക്കി. സംഭവത്തിൽ വീട്ടിലുണ്ടായിരുന്ന ആർക്കും പരിക്കേറ്റിട്ടില്ല.
ഉഗ്രശബ്ദത്തോടെയാണ് പൊട്ടിത്തെറിയുണ്ടായതെന്ന് അയൽവാസികൾ പറഞ്ഞു. വിവരമറിഞ്ഞ് തിരുവല്ലയിൽ നിന്നെത്തിയ ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. ഫ്രിഡ്ജ് പൊട്ടിത്തെറിക്കാനുള്ള കാരണം സംബന്ധിച്ച് പരിശോധന തുടരുകയാണ്.




