മലപ്പുറം: ചികിത്സയ്ക്കെന്ന വ്യാജേന ആശുപത്രിയിലെത്തിയ യുവാവ് യുവതിക്ക് നേരെ ലൈംഗികാതിക്രമത്തിന് ശ്രമിച്ചെന്ന പരാതിയിൽ ഒരാൾ അറസ്റ്റിൽ. മാടശേരി കൊമ്പൻ സജീറിനെയാണ് വണ്ടൂർ പൊലീസ് അറസ്റ്റ് ചെയ്തത്. വാണിയമ്പലത്തെ ആശുപത്രിയിൽ കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം.
ചികിത്സയ്ക്കായി ആശുപത്രിയിലെത്തിയ സജീർ യുവതിയുമായി അടുപ്പം സ്ഥാപിക്കാൻ ശ്രമിച്ചെന്നും ഇതിനിടെ കയറിപ്പിടിച്ച് ലൈംഗികാതിക്രമത്തിന് ശ്രമിച്ചെന്നുമാണ് പരാതി. സംഭവത്തിൽ അസ്വസ്ഥയായ യുവതി ആശുപത്രി അധികൃതരെ വിവരം അറിയിക്കുകയും തുടർന്ന് പൊലീസിൽ പരാതി നൽകുകയുമായിരുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തിയ പൊലീസ് സജീറിനെ കണ്ടെത്തി കസ്റ്റഡിയിലെടുത്തു. യുവതിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് സംഭവസ്ഥലത്തും പരിശോധന നടത്തി.
വണ്ടൂർ എസ്‌ഐ എ.പി. ആഷിഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് ആശുപത്രി ജീവനക്കാരിൽനിന്നും മറ്റുള്ളവരിൽനിന്നും വിവരങ്ങൾ ശേഖരിച്ച് അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.




