കൊല്ലം: സ്കൂളിന് സമീപത്ത് നിന്ന് വൻ ലഹരിമരുന്ന് ശേഖരവുമായി മധ്യവയസ്കൻ അറസ്റ്റിൽ. പെരുമ്പുഴ സെറ്റിൽമെന്റ് ഉന്നതിയിൽ ‘പൊടിമോൻ’ എന്നറിയപ്പെടുന്ന ദുഷ്യന്തൻ (53) ആണ് പിടിയിലായത്. പരുത്തിയറ സ്കൂളിന് സമീപം പൂയപ്പള്ളി പൊലീസും കൊല്ലം റൂറൽ ഡാൻസാഫ് സംഘവും നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. 403.940 ഗ്രാം എംഡിഎംഎ ഇയാളിൽ നിന്ന് പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു.
സംസ്ഥാനത്ത് ലഹരിമാഫിയക്കെതിരെ നടക്കുന്ന ‘ഓപ്പറേഷൻ തൂഫാൻ’ നടപടികളുടെ ഭാഗമായാണ് അറസ്റ്റ്. കൊല്ലം റൂറൽ ജില്ലാ പൊലീസ് മേധാവി ഷാജി സുഗുണൻ ഐപിഎസിന്റെ നിർദേശപ്രകാരമാണ് പരിശോധന നടത്തിയത്. കൊട്ടാരക്കര ഡിവൈഎസ്പി ഷെരീഫ് എസിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് ജില്ലയിൽ പരിശോധന ശക്തമാക്കിയിരുന്നു. ഇതിനിടെയാണ് ദുഷ്യന്തൻ പിടിയിലായത്.
പൂയപ്പള്ളി സർക്കിൾ ഇൻസ്പെക്ടർ മനോജ് മാത്യു, എസ്‌എച്ച്ഒ വിഷ്ണു ജി, എസ്‌ഐമാരായ ഹരി, സന്തോഷ്, എഎസ്ഐ വിനോദ് ബാലകൃഷ്ണൻ എന്നിവരും സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ബിനീഷ്, മെൽവിൻ, ഗോകുൽ, അഭിലാഷ് എന്നിവരും കൊല്ലം റൂറൽ ഡാൻസാഫ് സംഘവും ചേർന്നാണ് പ്രതിയെ പിടികൂടിയത്. ജില്ലയിൽ ലഹരി വിൽപ്പനയ്ക്കും കടത്തിനുമെതിരെ ശക്തമായ നടപടികൾ തുടരുമെന്ന് കൊല്ലം റൂറൽ ജില്ലാ പൊലീസ് മേധാവി ഷാജി സുഗുണൻ ഐപിഎസ് അറിയിച്ചു.




