തിരുപ്പതി: ആന്ധ്രാപ്രദേശിലെ തിരുപ്പതി ജില്ലയിൽ മരുന്ന് നിർമ്മാണശാലയിൽ ബോയിലർ പൊട്ടിത്തെറിച്ച് അഞ്ച് തൊഴിലാളികൾ മരിച്ചു. പത്തോളം പേർക്ക് ഗുരുതരമായി പരിക്കേറ്റു. ശ്രീ സിറ്റി സ്പെഷ്യൽ ഇക്കണോമിക് സോണിലെ ടിഐഎൽ ഹെൽത്ത്‌കെയർ കമ്പനിയുടെ പ്ലാന്റിലാണ് അപകടം ഉണ്ടായത്.
ഇന്ന് രാവിലെ എട്ട് മണിയോടെയാണ് സ്ഫോടനം ഉണ്ടായത്. രാവിലത്തെ ഷിഫ്റ്റിൽ ജോലി ചെയ്തിരുന്ന തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. സ്ഫോടനത്തിന്റെ ശക്തിയിൽ കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്നു. പ്രദേശമാകെ പുക നിറഞ്ഞു.
വിവരമറിഞ്ഞ ഉടൻ ശ്രീ സിറ്റി പൊലീസ്, അഗ്നിശമന സേന, ആംബുലൻസ് സംഘങ്ങൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവരെ പുറത്തെടുത്ത് ആശുപത്രികളിലേക്ക് മാറ്റി. ഗുരുതരമായി പരിക്കേറ്റവരുടെ നില ആശങ്കാജനകമാണെന്നാണ് വിവരം.
അപകടത്തിന്റെ കാരണം കണ്ടെത്താൻ പൊലീസും വ്യവസായ സുരക്ഷാ വിഭാഗവും പ്രാഥമിക അന്വേഷണം ആരംഭിച്ചു. സാങ്കേതിക തകരാറാണോ സുരക്ഷാ മാനദണ്ഡങ്ങളിലെ വീഴ്ചയാണോ സ്ഫോടനത്തിന് കാരണമെന്ന് പരിശോധിച്ചുവരികയാണ്. സംഭവത്തിൽ ആന്ധ്രാപ്രദേശ് സർക്കാർ അനുശോചനം രേഖപ്പെടുത്തി. പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കാൻ ജില്ലാ ഭരണകൂടത്തിന് നിർദേശം നൽകിയതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.




