കോഴിക്കോട്: പേരാമ്പ്രയിൽ അധ്യാപികമാരുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച സംഭവത്തിൽ കൂടുതൽ വിദ്യാർഥികൾ ഇരകളായിട്ടുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നു. പ്ലസ് ടു വിദ്യാർഥികളാണ് അധ്യാപികമാരുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് ടെലിഗ്രാമിലൂടെ പ്രചരിപ്പിച്ചതെന്നാണ് പ്രാഥമിക വിവരം.
മോർഫ് ചെയ്ത ചിത്രങ്ങൾ കണ്ട മറ്റ് വിദ്യാർഥികൾ വിവരം സ്കൂൾ അധികൃതരെ അറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. ജൂലൈയിൽ നടന്ന സംഭവത്തിന്റെ വിവരങ്ങൾ ഇപ്പോഴാണ് പുറത്തുവന്നത്.
സംഭവത്തിൽ ഉൾപ്പെട്ടതായി സംശയിക്കുന്ന വിദ്യാർഥികളെ സ്കൂളിൽ പ്രവേശിക്കുന്നതിൽ നിന്ന് വിലക്കിയിട്ടുണ്ട്. ഇവർക്കെതിരെ ഉടൻ സസ്പെൻഷൻ നടപടിയുണ്ടാകുമെന്നാണ് വിവരം.
അധ്യാപികമാർക്ക് പുറമെ സഹപാഠികളായ വിദ്യാർഥികളുടെ ചിത്രങ്ങളും മോർഫ് ചെയ്തിട്ടുണ്ടോയെന്നാണ് പൊലീസ് പരിശോധിക്കുന്നത്. കൂടുതൽ പേർ സംഭവത്തിൽ ഇരകളായിട്ടുണ്ടാകാമെന്ന സംശയത്തെ തുടർന്ന് അന്വേഷണം വ്യാപിപ്പിക്കാനാണ് പൊലീസ് നീക്കം.
ചിത്രങ്ങൾ മോർഫ് ചെയ്യാൻ ഉപയോഗിച്ച ആപ്പ്, സോഫ്റ്റ്വെയർ, മറ്റ് ഡിജിറ്റൽ ടൂളുകൾ എന്നിവ സംബന്ധിച്ചും അന്വേഷണം നടക്കുന്നുണ്ട്. ചിത്രങ്ങൾ മോർഫ് ചെയ്തതിന്റെ കാരണം വ്യക്തമല്ല. സംഭവവുമായി ബന്ധപ്പെട്ട ഡിജിറ്റൽ തെളിവുകൾ ശേഖരിച്ച് പൊലീസ് അന്വേഷണം തുടരുകയാണ്.




