പാലക്കാട്: തിരുവനന്തപുരം കോർപറേഷൻ ബിജെപി കൗൺസിലർ ആർ. ശ്രീലേഖയുടെ രാജിയിൽ പ്രതികരണവുമായി എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ. ബിജെപിക്കുള്ളിലെ ജീർണതയാണ് ശ്രീലേഖയുടെ രാജിയിലൂടെ പുറത്തുവരുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
ശ്രീലേഖ കൗൺസിലർ സ്ഥാനം രാജിവച്ചതായി അറിയുന്നുവെന്നും തിരുവനന്തപുരത്ത് ബിജെപിക്ക് അധികാരത്തിൽ തുടരാൻ കഴിയാത്ത സാഹചര്യമാണെന്നും ടി.പി. രാമകൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞു. ബിജെപി ക്യാമ്പിൽ നിന്നുതന്നെ പുറത്തുവരുന്ന വിവരങ്ങളാണ് പാർട്ടിയിലെ അസ്വസ്ഥത വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മേയർ സ്ഥാനം ലഭിക്കാത്തതിൽ കടുത്ത അതൃപ്തിയിലായിരുന്നു ആർ. ശ്രീലേഖയെന്നാണ് റിപ്പോർട്ടുകൾ. പാർട്ടി നേതൃത്വവുമായുള്ള ഭിന്നതകൾക്കിടെയാണ് കൗൺസിലർ സ്ഥാനം രാജിവയ്ക്കാനുള്ള തീരുമാനമെന്നും സൂചനയുണ്ട്. ശ്രീലേഖയുടെ രാജിയോടെ തിരുവനന്തപുരം കോർപറേഷനിലെ ബിജെപി അംഗബലം 49 ആയി. വാർഡിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പ് നിർണായകമാകുമെന്നാണ് വിലയിരുത്തൽ.
വിഷയത്തിൽ എൽഡിഎഫും സിപിഐഎമ്മും നിലപാട് സ്വീകരിക്കുമെന്നും ടി.പി. രാമകൃഷ്ണൻ വ്യക്തമാക്കി.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കണമെന്നാവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങളിലും ടി.പി. രാമകൃഷ്ണൻ പ്രതികരിച്ചു. രാജ്യവ്യാപകമായി പ്രതിഷേധം ഉയരുകയാണെന്നും ഇത് കണ്ടില്ലെന്ന് നടിക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഗ്യാനേഷ് കുമാറിനെ തൽസ്ഥാനത്ത് നിന്ന് മാറ്റാൻ കേന്ദ്രം തയ്യാറാകണമെന്നും ടി.പി. രാമകൃഷ്ണൻ ആവശ്യപ്പെട്ടു.




