വാഷിംഗ്ടൺ: ഹോർമൂസ് കടലിടുക്കിൽ വീണ്ടും രണ്ട് കപ്പലുകൾക്ക് നേരെ ആക്രമണം. ഒമാൻ തീരത്തിന് സമീപം നടന്ന ആക്രമണങ്ങളിൽ കപ്പലുകൾക്ക് തീപിടിച്ചു. കപ്പലുകളിലുണ്ടായിരുന്ന ജീവനക്കാരെല്ലാം സുരക്ഷിതരാണെന്നാണ് റിപ്പോർട്ട്.
തുറമുഖത്ത് നിർത്തിയിട്ടിരുന്ന ഒരു കപ്പലിന് നേരെയായിരുന്നു ആദ്യ ആക്രമണം. ആക്രമണത്തെ തുടർന്ന് കപ്പലിൽ തീപിടിച്ചെങ്കിലും ജീവനക്കാർക്ക് പരിക്കില്ല. ഹോർമൂസിൽ നിന്ന് പുറത്തുകടക്കുന്നതിനിടെ മറ്റൊരു എണ്ണക്കപ്പലിനും നേരെ ആക്രമണമുണ്ടായി. ഈ കപ്പലിലും തീപിടിച്ചെങ്കിലും ആളപായമില്ല. കുവൈത്ത് പതാക വഹിക്കുന്ന ഖമീസ് ത്രീ എന്ന കപ്പലിൽ നിന്ന് അഞ്ച് ഇന്ത്യക്കാരെ രക്ഷിച്ചതായി ഒമാനിലെ ഇന്ത്യൻ എംബസി അറിയിച്ചു. ഇവരെ സുരക്ഷിതമായി മാറ്റിയതായാണ് വിവരം.
അതിനിടെ സൗദി അറേബ്യയിലും ആക്രമണങ്ങൾ തുടരുകയാണ്. അസീർ പ്രവിശ്യയിൽ ബാലിസ്റ്റിക് മിസൈലിന്റെ അവശിഷ്ടം പതിച്ച് ഏഷ്യക്കാരനായ ഒരു പ്രവാസിക്ക് പരിക്കേറ്റു. വാഹനങ്ങൾക്കും കെട്ടിടങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു.
നജ്റാൻ പ്രവിശ്യയിൽ ഒരു സ്കൂളിന് മുകളിൽ ഡ്രോൺ അവശിഷ്ടം പതിച്ചു. സംഭവത്തിൽ കാര്യമായ നാശനഷ്ടമുണ്ടായെങ്കിലും ആർക്കും പരിക്കില്ല. ഹൂത്തികളുടെ ആക്രമണം മേഖലയിൽ ശക്തമായി തുടരുന്നതിനിടെയാണ് പുതിയ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.




