തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ സ്ഥാനത്തുനിന്നുള്ള രാജി പിൻവലിപ്പിക്കാൻ ആർ. ശ്രീലേഖയുമായി ചർച്ച നടത്തി ബിജെപി നേതൃത്വം. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, മേയർ വി.വി. രാജേഷ്, എസ്. സുരേഷ് എന്നിവർ ശ്രീലേഖയുമായി സംസാരിച്ചതായാണ് വിവരം. രാജിയിൽ ഉറച്ചുനിൽക്കുന്ന ശ്രീലേഖയെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങളാണ് നേതൃത്വത്തിന്റെ ഭാഗത്തുനിന്ന് നടക്കുന്നത്.
എന്നാൽ ശാസ്തമംഗലം വാർഡ് വാട്സ്ആപ്പ് ഗ്രൂപ്പിൽ രാജി പ്രഖ്യാപിച്ചുകൊണ്ട് പോസ്റ്റ് ചെയ്ത സന്ദേശം ശ്രീലേഖ ഇതുവരെ പിൻവലിച്ചിട്ടില്ല. കൗൺസിലർ എന്ന നിലയിലുള്ള പ്രവർത്തനങ്ങൾ സുഗമമാക്കാൻ പാർട്ടി കൂടുതൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയേക്കുമെന്നാണ് സൂചന.
അതേസമയം, നഗരഭരണത്തിൽ പ്രതിസന്ധിയില്ലെന്ന് മേയർ വി.വി. രാജേഷ് പ്രതികരിച്ചു. കൗൺസിലർമാർ പലപ്പോഴും വിവിധ ആവശ്യങ്ങളുമായി കത്തുകൾ നൽകാറുണ്ടെന്നും ശ്രീലേഖ കൗൺസിലറായി തുടരുമെന്നും മേയർ വ്യക്തമാക്കി.
ശ്രീലേഖ ഇതുവരെ വിഷയത്തിൽ മാധ്യമങ്ങളോട് പ്രതികരിച്ചിട്ടില്ല. മേയർക്ക് രാജിക്കത്ത് നൽകിയെങ്കിലും നഗരസഭ സെക്രട്ടറിക്ക് രാജിക്കത്ത് നൽകിയിട്ടില്ലെന്നാണ് വിവരം. 30-ാം തീയതി മേയർക്ക് രാജിക്കത്ത് നൽകിയതായി അറിയിച്ച ശ്രീലേഖ, തിങ്കളാഴ്ച കത്തിന്റെ പകർപ്പ് ജില്ലാ കലക്ടർക്കും നൽകുമെന്ന് വാട്സ്ആപ്പ് സന്ദേശത്തിൽ വ്യക്തമാക്കിയിരുന്നു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നും പിന്തുണച്ച എല്ലാവർക്കും നന്ദിയുണ്ടെന്നും സന്ദേശത്തിലുണ്ടായിരുന്നു.
മേയർ രാജിക്കത്ത് രഹസ്യമാക്കി വെച്ചതിനെ തുടർന്നാണ് ശ്രീലേഖ വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ രാജിക്കാര്യം പരസ്യമാക്കിയതെന്നാണ് വിവരം.
2024ലാണ് സംസ്ഥാനത്തെ ആദ്യ വനിതാ ഡിജിപിയായ ആർ. ശ്രീലേഖ ബിജെപിയിൽ ചേർന്നത്. തുടർന്ന് തദ്ദേശ തെരഞ്ഞെടുപ്പിൽ പാർട്ടി അവരെ തിരുവനന്തപുരം മേയർ സ്ഥാനത്തേക്ക് മുന്നോട്ടുവെച്ചിരുന്നു. എന്നാൽ മേയർ സ്ഥാനത്തേക്ക് പരിഗണിക്കാതിരുന്നത് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ശ്രീലേഖയ്ക്ക് അതൃപ്തിയുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ദേശീയ വനിതാ കമ്മീഷൻ അംഗത്വം ലഭിക്കാത്തതും അസംതൃപ്തിക്ക് കാരണമായതായാണ് സൂചന.




