കണ്ണൂർ: സംഘർഷത്തിനിടെ ശ്രീകണ്ഠപുരം നഗരസഭ ചെയർമാൻ ഇ.വി. രാമകൃഷ്ണനെ പൊലീസ് കൈയേറ്റം ചെയ്തെന്ന പരാതിയിൽ ഉദ്യോഗസ്ഥർക്കെതിരെ ആഭ്യന്തര അന്വേഷണം ആരംഭിച്ചു. രാമകൃഷ്ണൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം.
കണ്ണൂർ റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്കാണ് അന്വേഷണച്ചുമതല. ശ്രീകണ്ഠപുരം സിഐ, എസ്ഐ, പയ്യാവൂർ പ്രിൻസിപ്പൽ എസ്ഐ എന്നിവർക്കെതിരെയാണ് ആഭ്യന്തര മന്ത്രിക്ക് പരാതി നൽകിയത്.
സിപിഎം-കോൺഗ്രസ് പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിനിടെ പൊലീസ് തന്നെ കൈയേറ്റം ചെയ്തെന്നാണ് നഗരസഭ ചെയർമാന്റെ പരാതി. സംഭവത്തിൽ പൊലീസ് നടപടിക്കെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധം സംഘടിപ്പിക്കുകയും പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തുകയും ചെയ്തിരുന്നു.




