മുംബൈ: മഹാരാഷ്ട്രയിലെ സർക്കാർ ട്രൈബൽ റെസിഡൻഷ്യൽ സ്കൂളിൽ വിദ്യാർഥികളുടെ തല കൂട്ടത്തോടെ പാതി മുണ്ഡനം ചെയ്തതായി പരാതി. ചന്ദ്രാപൂർ ജില്ലയിലെ ജംബുൽഘട്ടിലെ സർക്കാർ ട്രൈബൽ റെസിഡൻഷ്യൽ സ്കൂളിലാണ് സംഭവം.
ശിക്ഷയുടെ ഭാഗമായാണ് ഏകദേശം 82 വിദ്യാർഥികളുടെ തല പാതി മുണ്ഡനം ചെയ്തതെന്നാണ് പരാതി. സ്കൂളിൽ വിദ്യാർഥികൾക്ക് മുടിവെട്ടുന്ന ദിവസമായ ശനിയാഴ്ചയാണ് സംഭവം നടന്നത്. മുടിവെട്ടാൻ വരാതെ ചില വിദ്യാർഥികൾ കളിക്കാൻ പോയതിനെ തുടർന്നാണ് ഇത്തരത്തിൽ ശിക്ഷിച്ചതെന്നാണ് ആരോപണം.
വികൃതമായ രീതിയിൽ തല മുണ്ഡനം ചെയ്ത കുട്ടികളുടെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. സംഭവത്തിൽ പ്രതിഷേധം ശക്തമായതോടെ ഉന്നത ഉദ്യോഗസ്ഥർ ഇടപെട്ടു. പാതി മുണ്ഡനം ചെയ്ത വിദ്യാർഥികളുടെ തല വൃത്തിയായി മുണ്ഡനം ചെയ്യാനും അസമമായി മുടിവെട്ടിയവരുടെ മുടി ഒരേ രീതിയിൽ വെട്ടാനും ഉദ്യോഗസ്ഥർ നിർദേശം നൽകി. സംഭവത്തിൽ സ്കൂൾ സൂപ്രണ്ടിന് കാരണം കാണിക്കൽ നോട്ടീസും നൽകി.
അതേസമയം, സംഭവത്തിൽ സ്കൂൾ അധികൃതർ വ്യത്യസ്തമായ വിശദീകരണമാണ് നൽകിയത്. മുടിവെട്ടുന്നതിനിടെ ട്രിമ്മറിന്റെ ചാർജ് തീർന്നതിനെ തുടർന്നാണ് കുട്ടികളുടെ തല ഇത്തരത്തിൽ ആയതെന്നാണ് അധികൃതരുടെ വിശദീകരണം.




