തിരുവനന്തപുരം: എകെജി സെന്ററിന്റെ ഭൂമി നാളെ അളന്ന് തിട്ടപ്പെടുത്തും. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് റവന്യൂ വകുപ്പ് നടപടി സ്വീകരിക്കുന്നത്. കേരള സർവകലാശാല സിന്‍ഡിക്കേറ്റ് അംഗം ആർ.എസ്. ശശികുമാർ നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഭൂമി അളക്കാൻ നിർദേശം നൽകിയത്. ഉത്തരവിന്റെ പശ്ചാത്തലത്തിൽ തിരുവനന്തപുരം തഹസിൽദാർക്ക് ഭൂമി അളന്ന് തിട്ടപ്പെടുത്താൻ സംസ്ഥാന റവന്യൂ വകുപ്പ് നിർദേശം നൽകി.
ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമൻ സെൻ അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് എകെജി സെന്ററുമായി ബന്ധപ്പെട്ട ഭൂമി അളക്കുന്നതിന് നിർദേശം നൽകിയത്. സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ചെയർമാനും കേരള സർവകലാശാല സിന്‍ഡിക്കേറ്റ് അംഗവുമായ ആർ.എസ്. ശശികുമാറിനുവേണ്ടി അഡ്വ. ജോർജ് പൂന്തോട്ടം നൽകിയ ഹർജിയിലാണ് നിർണായക ഉത്തരവ്.
1977ൽ അന്നത്തെ മുഖ്യമന്ത്രി എ.കെ. ആന്റണിയാണ് എകെജി പഠന ഗവേഷണ കേന്ദ്രത്തിനായി കേരള സർവകലാശാലയുടെ ഭൂമി അനുവദിച്ചത്. എന്നാൽ അനുവദിച്ച ഭൂമിയിൽ പഠന ഗവേഷണ കേന്ദ്രം ആരംഭിക്കാതെ അത് സിപിഐഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്ററായി പ്രവർത്തിപ്പിക്കുന്നത് നിയമവിരുദ്ധമാണെന്നാണ് ഹർജിയിലെ ആരോപണം. സർവകലാശാലയുടെ ഭൂമി അനധികൃതമായി കൈയേറിയാണ് എകെജി സെന്റർ നിർമിച്ചതെന്നും ഭൂമി സർവകലാശാലയ്ക്ക് തിരികെ നൽകണമെന്നും ശശികുമാർ ഹർജിയിൽ ആവശ്യപ്പെടുന്നു.
ഭൂമി അളക്കുന്നതുമായി ബന്ധപ്പെട്ട് കേരള സർവകലാശാല രജിസ്ട്രാർക്കും സിപിഐഎം സംസ്ഥാന സെക്രട്ടറിക്കും റവന്യൂ അധികൃതർ നോട്ടീസ് നൽകിയിട്ടുണ്ട്. സർവകലാശാലയുടെയും എകെജി സെന്ററിന്റെയും പ്രതിനിധികൾ നാളെ സ്ഥലത്ത് ഹാജരാകണമെന്നാണ് നിർദേശം.
അതേസമയം, ഭൂമി അളക്കുന്നതുമായി ബന്ധപ്പെട്ട് തങ്ങൾക്ക് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന് സിപിഐഎം പ്രതികരിച്ചു. ഹൈക്കോടതി നിർദേശം എകെജി പഠന ഗവേഷണ കേന്ദ്രത്തിന്റെ ഭൂമി അളക്കുന്നതിനല്ലെന്നും സർവകലാശാലയുടെ കൈവശമുള്ള ഭൂമി അളക്കുന്നതിനാണ് നിലവിൽ നിർദേശം നൽകിയിരിക്കുന്നതെന്നും സിപിഐഎം വ്യക്തമാക്കി.
ഭൂമി അളക്കുന്നതുമായി ബന്ധപ്പെട്ട സർക്കാർ അറിയിപ്പ് ലഭിച്ചതായി കേരള സർവകലാശാലയും അറിയിച്ചു. സർവകലാശാലയുടെ എസ്റ്റേറ്റ് ഓഫീസർ നാളെ സ്ഥലത്ത് ഹാജരാകും.


